ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി ഭാവന നായികയായി എത്തുന്ന ചിത്രമായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് റിലീസ് മാറ്റി. നേരത്തെ ഫെബ്രുവരി 17ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞദിവസമാണ് നിർമാതാവ് റിലീസ് മാറ്റുകയാണെന്ന് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ സിനിമയുടെ റിലീസ് നീട്ടി എന്നാണ് നിർമാതാക്കളിൽ ഒരാളായ രാജേഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
ഫെബ്രുവരി 24 ലേക്ക് ആണ് ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചത്. നിര്‍മ്മാതാക്കളില്‍ ഒരാളായ രാജേഷ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അറിയാം എന്നും ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാലാണ് റിലീസ് നീട്ടിയത് എന്നും രാജേഷ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
‘പ്രിയപ്പെട്ടവരെ, ഒഴിവാക്കാൻ കഴിയാത്ത ചില കാരണങ്ങളാൽ ന്റിക്കാക്കയ്ക്കൊരു പ്രേമണ്ടാർന്നു എന്ന ചിത്രം 17 ന് റിലീസ് ചെയ്യാൻ സാധിക്കില്ലന്ന വിവരം ഖേദപൂർവ്വം അറിയിക്കുന്നു. നിങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഞങ്ങൾക്കറിയാം. അടുത്ത വെള്ളിയാഴ്ച ഫെബ്രുവരി 24ന് ഞങ്ങൾ നിങ്ങളെ തിയേറ്ററിൽ പ്രതീക്ഷിക്കുന്നു,’ എന്നാണ് രാജേഷ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്. ആറ് വര്‍ഷത്തിന് ഭാവന ഒരു മലയാളസിനിമയിൽ നായികയായെത്തുന്നു എന്ന പ്രത്യേകതയോടെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എത്തുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്, സാനിയ റാഫി, അശോകന്, അനാര്‍ക്കലി നാസര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബോണ്‍ഹോമി എന്റെര്ടൈന്മെന്റ്സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.