മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് നൈല ഉഷ. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ് നൈല സിനിമയിലേക്കെത്തുന്നത്. പിന്നീട് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. ഒരു റേഡിയോ ജോക്കി കൂടിയാണ് താരം. സോഷ്യല്‍ മീഡിയയിലും സജീവമായ നൈല പങ്കു വെച്ച പുതിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.
മമ്മൂട്ടിയോടുമുള്ള തന്റെ ആരാധനയും ഇഷ്ടവും തുറന്നു പറഞ്ഞു കൊണ്ടുള്ള നൈലയുടെ പോസ്റ്റ് ആണിത്. ഫേസ്ബുക്കില്‍ അദ്ദേഹത്തോടൊപ്പം നില്ക്കുന്ന ഫോട്ടോ പങ്കു വെച്ച് കൊണ്ട് നൈല ഉഷ കുറിച്ചതിങ്ങനെ, ”കോടിക്കണക്കിന് നക്ഷത്രങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ആകാശത്തേക്ക് നോക്കുന്നത് ഒന്നാലോചിച്ചു നോക്കൂ. ആ വിസ്മയം നിറഞ്ഞ അനുഭവമാണ് ഓരോ തവണ അദ്ദേഹത്തെ കാണുമ്പോഴും എനിക്ക് തോന്നാറുള്ളത്..പിന്നെ, ആരെങ്കിലും അദ്ദേഹത്തോടൊപ്പം ഒരു സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്യണം, പ്ലീസ്..”
ഇത് വെറൈറ്റി ചാന്‍സ് ചോദിക്കല്‍ ആണല്ലോ എന്ന് ചിലര്‍ ആ പോസ്റ്റിനു കീഴില്‍ കമന്റു ചെയ്യുമ്പോള്‍ മറ്റു ചിലര്‍ നൈലയുടെ ആഗ്രഹം വേഗം നടക്കട്ടെ എന്നും പറയുന്നുണ്ട്. സലിം അഹമ്മദ് ഒരുക്കിയ കുഞ്ഞനന്തന്റെ കട കൂടാതെ, ആഷിഖ് അബു സംവിധാനം ചെയ്ത ഗ്യാങ്സ്റ്ററിലും, ദീപു കരുണാകരന് ഒരുക്കിയ ഫയര്‍ മാനിലും നൈല മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍, ജോഷി ഒരുക്കിയ പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളാണ് നൈലയുടെ ഒടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍. ജോഷി ഒരുക്കുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന് ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.