ഭൂമിയിൽ അവശേഷിക്കുന്ന അവസാന ഒടിയനായ മാണിക്യന്റെ കഥ പറഞ്ഞ ചിത്രമാണ് വി എ ശ്രീകുമാർ സംവിധാനം ചെയ്ത ചിത്രമായ ‘ഒടിയൻ’. മോഹൻലാലും മഞ്ജു വാര്യരും മത്സരിച്ച് അഭിനയിച്ച ചിത്രം നൂറു കോടി ക്ലബിലെത്തിയ ചിത്രമായി. കെ ജി എഫ് ചാപ്റ്റർ ടു എത്തുന്നതു വരെ കേരളത്തിൽ റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഒടിയൻ. കെ ജി എഫ് 2 എത്തിയതോടെ ആ കാര്യത്തിൽ ഇപ്പോൾ ഒടിയൻ രണ്ടാം സ്ഥാനത്താണ്. 2018 ഡിസംബർ പതിനാലിനാണ് ഒടിയൻ റിലീസ് ആയത്.
‘ഒടിയൻ’ ഹിന്ദിയിൽ എത്തുന്നു എന്നതാണ് ഇപ്പോൾ പുറത്തെത്തുന്ന വാർത്ത. യുട്യൂബ് ചാനലിലൂടെ ഈ മാസം 23ന് ആയിരിക്കും ഒടിയൻ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ട്രയിലർ പുറത്തിറങ്ങിയപ്പോൾ ആരാധകർ വൻ സ്വീകരണമാണ് നൽകിയത്. ഷേർ കാ ഷിക്കാർ എന്നാണ് ഹിന്ദിയിൽ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. പെൻ മൂവീസിന്റെ യുട്യൂബ് ചാനലിലാണ് ട്രയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഇതേ ചാനലിലൂടെയാണ് ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക.
കഴിഞ്ഞയിടെ ആയിരുന്നു മോഹൻലാൽ നായകനായി എത്തിയ ആറാട്ട് മൊഴി മാറ്റി ഹിന്ദിയിൽ എത്തിയത്. ഇതിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. മലയാള ചിത്രങ്ങൾ ഹിന്ദിയിലേക്ക് മൊഴി മാറ്റി എത്തിയപ്പോൾ വൻ സ്വീകരണമായിരുന്നു ലഭിച്ചത്. ആറാട്ട് സിനിമയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചതിനാൽ ആ സ്വീകാര്യത ഒടിയനും ലഭിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.