പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും വീണ്ടും ഒന്നിക്കുന്ന ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ലക്കി സിംഗായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ലെന, സിദ്ദിഖ്, കെ. ബി ഗണേഷ്കുമാര്, സുദേവ് നായര്‍ തുടങ്ങിയവരും ട്രെയിലറിലുണ്ട്. സസ്പെന്‍സ് നല്‍കുന്നതാണ് ട്രെയിലര്‍. പുറത്തിറങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രശസ്ത തെലുങ്ക് നടന് മോഹന്‍ ബാബുവിന്റെ മകളായ ലക്ഷ്മി മാന്ചുവാണ് ചിത്രത്തില്‍ നായിക. ഹണി റോസും ബേബി കുക്കുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോണ്‍സ്റ്റര്‍. ലക്കി സിംഗ് എന്ന പഞ്ചാബിയായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഏലൂരുള്ള വി വി എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.
ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും സമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു. ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ദു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.