ഓൾഡ് ഇസ് ഗോൾഡ് എന്ന പേരിൽ തന്നെ അറിയാതെ ഉരുത്തിരിഞ്ഞു വരുന്നൊരു ഗൃഹാതുരത്വമുണ്ട്. എത്ര കൊതിച്ചാലും തിരിച്ചു പോകാൻ പറ്റാത്ത പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു മാന്ത്രികത. അത്തരം ചില സംഗതികൾ കൂടി കോർത്തിണക്കി പ്രകാശ് കുഞ്ഞൻ മൂരായിൽ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഓൾഡ് ഇസ് ഗോൾഡ്. ചെറിയ കാൻവാസിൽ നിറയെ ഹാസ്യമുഹൂർത്തങ്ങളുമായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കേൾക്കാൻ എന്നും കൊതിക്കുന്ന ഒരു പിടി പഴയ ഗാനങ്ങളും കൂടുതൽ മിഴിവേകി അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. തിരക്കഥ തയ്യാറാക്കിയ ഹനീഫ് കേച്ചേരി തന്നെയാണ്ചിത്രത്തിലെ നായകവേഷവും കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാള സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും നായകനും നായികയും അന്ധരായിട്ടുള്ള ഒരു ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. അന്ധത ഒരു വൈകല്യമായി കരുതുന്നവർക്ക് മാറി ചിന്തിക്കാനുള്ള ഒരു പ്രചോദനം കൂടിയാണ് ഈ ചിത്രം. കോമഡി മ്യൂസിക്കൽ ഡ്രാമയായ ചിത്രത്തിൽ ഓൾഡ് ഇസ് ഗോൾഡ് എന്ന മ്യൂസിക്കൽ ബാൻഡ് നടത്തുന്ന ഒരു അന്ധഗായകന്റെയും സുഹൃത്തുക്കളുടെയും അവരുടെ ലൈഫിലേക്ക് കടന്ന് വരുന്ന അന്ധയായ നായികയുടെയും കഥയാണ് പറയുന്നത്. നേഹയാണ് നായികയായി എത്തുന്നത്. നായകനും നായികക്കുമൊപ്പം പൊട്ടിച്ചിരികളുടെ മേളവുമായി ധർമജൻ ബോൾഗാട്ടി, സാജു നവോദയ, നിർമൽ എന്നിവരും മുന്നിട്ട് നിൽക്കുമ്പോൾ പ്രേക്ഷകർക്ക് ഒരു ചിരിവിരുന്ന് തന്നെയാണ് ചിത്രം സമ്മാനിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് ഒരുക്കിയ ഗാനങ്ങൾ മികവുറ്റതായിരുന്നു. എസ് സെൽവകുമാർ ഒരുക്കിയ ദൃശ്യങ്ങൾ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. സിയാൻ ശ്രീകാന്തിന്റെ എഡിറ്റിംഗും മികച്ചു നിന്നു. മനസ്സ് നിറഞ്ഞ് ചിരിക്കുവാൻ ഏറെയുള്ളൊരു കൊച്ചു ചിത്രമാണ് ഓൾഡ് ഇസ് ഗോൾഡ്.