കാഴ്ചയുടെ ഈ ലോകത്തിൽ ചില കാണാകാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് സംശയിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവുകയില്ല. ഭാവനയുടെ ആ ലോകത്തിലേക്ക് പറന്ന് ചെന്ന് അവിടെ വിഹരിക്കുവാൻ കൊതിക്കാത്തവരും തുലോം തുച്ഛം. ഇന്നേവരെ കണ്ടിട്ടില്ലാത്ത പല ആശയങ്ങളും ആൾരൂപങ്ങളും മികച്ച ചലച്ചിത്രകാവ്യമായി അഭ്രപാളികളിൽ വന്ന് നിറയുന്ന കാഴ്ച്ച കണ്ട് അന്തം വിട്ട് നിൽക്കുന്ന ഇന്നത്തെ പ്രേക്ഷകർക്ക് മുൻപിൽ അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ചയാണ് ‘ഓളി’ലൂടെ സംവിധായകൻ ഷാജി എൻ കരുൺ തീർത്ത് വെച്ചിരിക്കുന്നത്. യാഥാർഥ്യത്തിന്റെ ലോകത്ത് ഭാവന എത്രത്തോളം വളർന്നിട്ടുണ്ടെന്ന സത്യം വിളിച്ചോതുന്ന മനോഹര ചിത്രം. കണ്ടാലും കൊതി തീരാത്ത കാഴ്ചകൾ തന്റെ ക്യാമറ കണ്ണുകളിലൂടെ പ്രേക്ഷകർക്ക് സമ്മാനിച്ച് കാഴ്ചകൾക്ക് അപ്പുറമുള്ള ലോകത്തേക്ക് നടന്നകന്ന എം.ജെ രാധാകൃഷ്ണൻ എന്ന പ്രതിഭയെ ദേശീയ അവാർഡിന് യോഗ്യനാക്കിയതും ഈ ചിത്രമാണെന്ന് അറിയുമ്പോഴാണ് ഓള് ഒരു അത്ഭുതമായി തീരുന്നത്.
നരാധമന്മാർ ക്രൂരമായി ബലാത്സംഗം ചെയ്ത് കായലിലെറിഞ്ഞ മായ എന്ന നാടോടി പെൺകുട്ടി ആ കായലിനടിയിൽ തന്നെ അതിജീവനം ആരംഭിക്കുകയാണ്. ഭാവനയുടെ ലോകത്തിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത് അവിടെ നിന്നുമാണ്. അവളുടെ ആ ജീവിതത്തിലേക്കാണ് വാസു എന്ന ചിത്രകാരൻ തോണി തുഴഞ്ഞു വന്നു കയറുന്നത്. അയാളുടെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കാണുവാൻ സാധിക്കുന്നത്. ‘ഓള്’ ഇവിടെ പലതിന്റെയും പ്രതിബിംബമാണ്… അതിജീവനത്തിന്റെ… അഴകിന്റെ… നന്മയുടെ… വിശുദ്ധിയുടെ… ദൈവികതയുടെയെല്ലാം പ്രതിബിംബം. ഓളിൽ തിന്മക്ക് ഇടമില്ല അവളിൽ നിറയുന്നത് മറ്റുള്ളവരിലേക്ക് പകരുന്ന നന്മകൾ മാത്രമാണ്. അത് വാസുവും അനുഭവിച്ചറിയുന്നു.
നായിക വേഷങ്ങളിലേക്ക് കാലൂന്നിയിരിക്കുന്ന എസ്തേറിന്റെ മികച്ചൊരു പ്രകടനം തന്നെയാണ് ഓള്. അഴകിലും അഭിനയത്തിലും മികച്ചു നിൽക്കുന്ന ഈ യുവതാരത്തിന് കരിയറിൽ ലഭിക്കാവുന്ന മികച്ച റോളുകളിൽ ഒന്നാണിത്. ജീവിത ഗന്ധിയായ റിയലിസ്റ്റിക് കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഷെയ്ൻ നിഗത്തിന്റെ മറ്റൊരു അഭിനയ വിരുന്നാണ് വാസു. ആ കഥാപാത്രം ആവശ്യപ്പെടുന്നൊരു ആകർഷണീയത ഷെയ്ൻ പൂർത്തീകരിക്കുന്നുണ്ട്. മികച്ച ഗ്രാഫിക്സും ഛായാഗ്രഹണവും കൊണ്ട് പ്രേക്ഷകനെ ഭാവനയുടെ വേലിക്കെട്ടുകൾക്ക് അപ്പുറം എത്തിക്കുവാൻ ഓള് വിജയിച്ചിട്ടുണ്ട്. എങ്കിൽ പോലും കൃതിമത്വം നിറഞ്ഞ ചില സംഭാഷണങ്ങൾ പ്രേക്ഷകനെ ഇടക്ക് കൈ കൊട്ടി തിരികെ വരുവാനും പറയുന്നു. ഏതു കാലത്തും എവിടെയും പറയാവുന്ന ഒരു ആഗോള സാമീപ്യമാണ് ചിത്രത്തിന്റെ ഒരു ആകർഷണീയത. അതിന് ടി ഡി രാമകൃഷ്ണൻ ഒരുക്കിയിരിക്കുന്ന തിരക്കഥ മികച്ചൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഐസക്ക് തോമസിന്റെ സംഗീതവും ഏറെ സഹായകരമായിട്ടുണ്ട്. അല്പം ക്ഷമയും നല്ലൊരു ഭാവനയും വേറിട്ട് ചിന്തിക്കുന്നൊരു മനസ്സുമുണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ടിക്കറ്റ് എടുക്കാവുന്ന ഒരു ചിത്രം തന്നെയാണ് ഓള്. കാരണം ഓള് നിങ്ങൾക്കായി പലതും ഒരുക്കി വെച്ചിട്ടുണ്ട്..!