ഹാപ്പി വെഡിങ്ങ്, ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പള്‍സറിഞ്ഞ് സന്തോഷിപ്പിക്കുന്ന ഒമര്‍ ലുലു തന്റെ പുതിയ ചിത്രമായ നല്ല സമയത്തിന്റെ റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഇർഷാദ് നായകനായ എത്തുന്ന ചിത്രം ഒരു രാത്രിയിൽ നടക്കുന്ന കാര്യങ്ങളാണ് പറയുന്നത്. ഈ ചിത്രത്തിലൂടെ നാല് പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്. നീന മധു, നോറ ജോണ്‍, നന്ദന സഹദേവന്, ഗായത്രി ശങ്കര്‍ എന്നിവരാണ് ഈ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്.
ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ഇന്ന് രാത്രി 7 മണിക്ക് കോഴിക്കോട് ഹൈലൈറ്റ് മാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരുന്നു. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാണിരുന്ന ഷക്കീലയെയാണ് ചടങ്ങിൽ പ്രധാന അതിഥിയായി തീരുമാനിച്ചിരുന്നത്. എന്നാൽ സുരക്ഷാ കാരണങ്ങൾ പറഞ്ഞ് ഹൈലൈറ്റ് മാൾ അധികൃതർ ചടങ്ങ് നടത്തുവാൻ സാധിക്കില്ല എന്നറിയിച്ചിരിക്കുകയാണ്. ഷക്കീല വന്നാൽ തിരക്ക് നിയന്ത്രിക്കാനാവില്ല എന്നാണ് അവർ പറയുന്നത്. നേരത്തെ തല്ലുമാല പ്രൊമോഷൻ സമയത്തും തിരക്ക് നിയന്ത്രണാതീതമായ കാരണം ടോവിനോ അടക്കമുള്ളവർ വന്നതിന് പിന്നാലെ തിരിച്ചു പോയിരുന്നു.
ചടങ്ങിൽ പങ്കെടുക്കുവാനായി ഷക്കീല ഇന്ന് കേരളത്തിൽ എത്തിക്കഴിഞ്ഞു. സംവിധായകൻ ഒമർ ലുലു ഷക്കീലക്കൊപ്പം പങ്ക് വെച്ചിരിക്കുന്ന വീഡിയോയിൽ ഇരുവരുടെയും വിഷമം വെളിപ്പെടുത്തുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. സെൻസറിങ് കഴിഞ്ഞ നല്ല സമയം എന്ന ചിത്രത്തിന് A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ ഇന്ന് വൈകിട്ട് 7.30ന് ഓൺലൈനിൽ റിലീസ് ചെയ്യും. നവംബർ 25നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.