പ്രഭാസ് നായകനായി എത്തുന്ന ചിത്രം ആദിപുരുഷ് ചിത്രം റിലീസിന് ഒരുങ്ങുന്നു. ആദിപുരുഷ് പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ ഒരു സീറ്റ് ഒഴിച്ചിടും. ഹനുമാൻ സ്വാമിക്ക് വേണ്ടിയാണ് സീറ്റ് ഒഴിച്ചിടുന്നത്. അണിയറപ്രവർത്തകർ തെലുങ്കിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തു വിട്ടത്. ചിത്രം കാണാൻ ഹനുമാൻ എത്തുമെന്നാണ് ആദിപുരുഷ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്.
രാമായണം പ്രദർശിപ്പിക്കുന്നിടത്ത് ഹനുമാനും ഉണ്ടാകും എന്ന വിശ്വാസം കൊണ്ടാണ് സീറ്റ് ഒഴിവാക്കിയിടുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ആദിപുരുഷ് സിനിമ റിലീസ് ചെയ്യുന്നത് ജൂൺ 16ന് ആണ്.
ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്. കൃതി സനൻ ആണ് സീതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി സിങ്, ദേവ്ദത്ത് നാഗെ, വൽസൻ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടി സീരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റൗട്ട്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് ആദിപുരുഷിന്റെ നിർമാണം.