കഴിഞ്ഞ ആറു മാസത്തിനിടയിൽ സംസ്ഥാനത്ത് റിലീസ് ചെയ്തത് 74 ചിത്രങ്ങൾ. എന്നാൽ, തിയറ്ററുകളിൽ നിന്ന് വിജയം നേടാൻ കഴിഞ്ഞത് വെറും ആറു ചിത്രങ്ങൾക്ക് മാത്രം. ഭീഷ്മ പർവം, ഹൃദയം, ജനഗണമന. സിബിഐ 5, ജോ ആൻഡ് ജോ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്കാണ് തിയറ്ററുകളിൽ വിജയക്കൊടി പാറിക്കാൻ കഴിഞ്ഞത്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനാണ് 2022ലെ ആദ്യ പകുതിയിലെ റിപ്പോർട്ട് തയ്യാറാക്കിയത്. മോഹൻലാലിന്റെ ആറാട്ട്, ടോവിനോയുടെ നാരദൻ എന്നീ ചിത്രങ്ങൾക്കൊന്നും തിയറ്ററിൽ വിജയിക്കാൻ കഴിഞ്ഞില്ല. റിലീസ് ചെയ്ത ചിത്രങ്ങളിൽ ആറെണ്ണം മാത്രമാണ് സാമ്പത്തികവിജയം നേടിയത്. കുടുംബപ്രേക്ഷകർ തിയറ്ററിൽ എത്താത്തതും പ്രതിസന്ധിക്ക് വലിയ ഒരു കാരണമാണ്. മലയാള സിനിമാമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ സർക്കാർ നികുതി കുറയ്ക്കണമെന്നാണ് നിർമാതാക്കൾ ആവശ്യപ്പെടുന്നത്.
യുവനടൻ പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ചിത്രം ഈ വർഷം ജനുവരി 21നാണ് റിലീസ് ചെയ്തത്. തിയറ്ററുകളിൽ അമ്പതു ശതമാനം മാത്രം പ്രേക്ഷകരെ അനുവദിക്കുന്ന സമയത്ത് ആയിരുന്നു ഹൃദയത്തിന്റെ റിലീസ്. യുവഹൃദയങ്ങളെ കീഴടക്കാൻ ഹൃദയത്തിന് കഴിഞ്ഞു. തിയറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിനായി. ഹൃദയത്തിന് തൊട്ടു മുമ്പായി ഈ വർഷം ജനുവരി ഏഴിന് ആയിരുന്നു സൂപ്പർ ശരണ്യ തിയറ്ററുകളിലേക്ക് എത്തിയത്. അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിന്റെ സംവിധാനം ഗിരിഷ് എഡി ആയിരുന്നു. ക്യാംപസുകളെ തിയറ്ററുകളിലേക്ക് എത്തിക്കാനും മികച്ച വിജയം സ്വന്തമാക്കാനും ചിത്രത്തിന് കഴിഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമായ ഭീഷ്മപർവം മാർച്ച് മൂന്നിന് ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തത്. തിയറ്ററുകളിൽ 100 ശതമാനം സീറ്റിംഗ് കപ്പാസിറ്റി അനുവദിച്ചതിനു പിന്നാലെയാണ് ഭീഷ്മപർവം തിയറ്ററുകളിലേക്ക് എത്തിയത്. മമ്മൂട്ടിയുടെ മാസ് പടമായി എത്തിയ ഭീഷ്മയ്ക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. 100 കോടി ക്ലബിൽ ഇടം പിടിക്കാനും ചിത്രത്തിന് കഴിഞ്ഞു. പൃഥ്വിരാജിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’ ഏപ്രിൽ 28ന് ആയിരുന്നു തിയറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണം ആദ്യദിവസം തന്നെ നേടിയ സിനിമ സാമ്പത്തികവിജയം നേടുകയും ചെയ്തു. വലിയ ആളും ബഹളവുമില്ലാതെ എത്തിയ ചിത്രമായിരുന്നു ജോ ആൻഡ് ജോ. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിഖില വിമൽ, നസ്ലെൻ കെ ഗഫൂർ, മാത്യു തോമസ് എന്നിവർ ആയിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. വലിയ താരപ്പകിട്ടില്ലാതെ എത്തിയ ചിത്രം തിയറ്ററുകളിൽ വലിയ വിജയമാണ് സ്വന്തമാക്കിയത്. മമ്മൂട്ടി നായകനായി എത്തിയ സി ബി ഐ സീരീസിലെ അഞ്ചാമത് ചിത്രമായ ‘സി ബി ഐ 5 ദ ബ്രയിൻ’ എന്ന ചിത്രം മേയ് ഒന്നിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. ഒരേ സംവിധായകൻ, ഒരേ തിരക്കഥാകൃത്ത്, ഒരേ നടൻ എന്നീ വിശേഷണവുമായാണ് മമ്മൂട്ടി- കെ മധു- എസ് എന് സ്വാമി കൂട്ടുകെട്ടിൽ സിബിഐ 5 എത്തിയത്. തിയറ്ററിൽ സമ്മിശ്രപ്രതികരണം നേടിയ ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തപ്പോൾ ട്രെൻഡിങ്ങിൽ എത്തി. ഇത്തവണ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് സി ബി ഐ 5.