നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഓപ്പറേഷന് ജാവ പ്രേക്ഷക സ്വീകാര്യതക്കൊപ്പം ഏറെ നിരൂപക പ്രശംസയും സ്വന്തമാക്കി. ഫെബ്രുവരി രണ്ടാം വാരം ചിത്രം തിയേറ്ററുകളില്‍ എത്തിയെങ്കിലും കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒടിടി റിലീസ് ചെയ്യുകയായിരുന്നു. പ്രതികൂല സാഹചര്യത്തിലും ഏറെ കളക്ഷന്‍ നേടിയതിനൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന വിശേഷണവും ഓപ്പറേഷന് ജാവ സ്വന്തമാക്കി.
ഇര്‍ഷാദ് അലി, പ്രശാന്ത് അലക്സാണ്ടര്‍, ദീപക് വിജയന്,പി ബാലചന്ദ്രന്, ധന്യ അനന്യ, മമിത ബൈജു, മാത്യൂസ് തോമസ്, വിനായകന്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിങ്ങനെ വമ്പന്‍ താരനിരക്കൊപ്പം ലുക്ക്മാന്‍ ,ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.
അതേ സമയം ചിത്രത്തിലെ സംവിധായകന്റെ മികവിനൊപ്പം ചില പാളിച്ചകളും സോഷ്യല്‍ മീഡിയയിലിപ്പോള്‍ ചര്‍ച്ചയാവുകയാണ്. ഓപ്പറേഷന് ജാവ ചിത്രത്തില്‍ ഏതാനും ചില സൈബര്‍ കുറ്റകൃത്യങ്ങളെയും ഒപ്പം പ്രേമം പൈറസി കേസിനെ കുറിച്ചും വിശദമായി സംസാരിക്കുന്നുണ്ട്. ഒരു തുടക്ക സീനില്‍ കഥയിലെ നായകന്മാരായ ഇരുവരും പോലീസിന് പ്രേമമെന്ന ചിത്രം എങ്ങനെ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ആയി എന്നത് വിശദീകരിക്കുന്നുണ്ട്. ഒപ്പം അവര്‍ ഒരു വേഡ്പാടും അപ്ലോഡ് ആയി എന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി സ്ക്രീനില്‍ കാണിക്കുന്ന വേര്ഡ്പാടിന്റെ പ്രോപ്പര്‍ട്ടീസ് എല്ലാം തന്നെ രൂപപ്പെട്ട ദിവസം പതിനേഴ് ജനുവരി രണ്ടായിരത്തി ഇരുപത് എന്നാണ്. എന്നാല്‍ കഥ നടക്കുന്നത് രണ്ടായിരത്തി പതിനഞ്ചിലാണെന്ന് മുന്‍പ് പല സീനിലും പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് ചിത്രത്തില്‍ സംവിധായകന്റെ ഭാഗത്ത് നിന്നുണ്ടായ വലിയൊരു തെറ്റാണെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പല ആരാധകരുടേയും അഭിപ്രായ പ്രകടനം.
കൂടാതെ നഴ്സിംഗ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തില്‍ ഇരുവരും ഗൂഗിളില്‍ നിന്ന് ചില വളരെ പ്രധാന വിവരങ്ങള്‍ കണ്ടെത്തുന്നുണ്ട് . എന്നാല്‍ ഈ വീഡിയോകള്‍ എല്ലാം അപ്ലോഡ് ചെയ്തിരിക്കുന്ന ദിവസങ്ങളെല്ലാം രണ്ടായിരത്തി പതിനാറാണ് എന്നിരിക്കെ ചില ദിവസങ്ങളിലെ പിഴവുകള്‍ സിനിമയുടെ ഭംഗി കൂടി ഇല്ലാതാക്കി എന്നുമാണ് ആരാധകരുടെ വിമര്‍ശനം. .