കേരള പോലീസ് ഫോഴ്സിന്റെ ശക്തിയും ബുദ്ധിയും എന്താണെന്ന് വാർത്തകളിലൂടെയും സിനിമകളിലൂടെയും അനുഭവിച്ചറിഞ്ഞിട്ടുള്ളവരാണ് മലയാളികൾ. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ യഥാർത്ഥ പോലീസ് സ്റ്റേഷൻ അനുഭവങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുമുള്ള ഒരു റിയലിസ്റ്റിക് പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രം കൂടി എത്തിയിരിക്കുകയാണ്. നവാഗതനെന്ന് ഒരു നിമിഷം പോലും പ്രേക്ഷകനെ ഓർമിപ്പിക്കാത്ത രീതിയിലുള്ള ഒരു സംവിധാനമികവാണ് തരുൺ മൂർത്തി ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുൻപിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ബി ടെക്ക് കഴിഞ്ഞിട്ടും ജോലിയൊന്നും ശരിയാകാത്ത രണ്ടു യുവാക്കളിലൂടെയാണ് കഥ കടന്നുപോകുന്നത്. എന്നാൽ ഒരു സാധാരണ സിനിമ പോലെ കഥ പറഞ്ഞുപോകാതെ ആക്ഷൻ ഹീറോ ബിജുവിലെ പോലെ പല ഓപ്പറേഷനുകളാണ് പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ആദ്യ സമ്പൂർണ സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ മൂവി എന്ന വിശേഷണം നൽകാവുന്ന ചിത്രം അഭിനയമികവ് കൊണ്ടും അവതരണമികവ് കൊണ്ടും ടെക്നോളജി തലത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ചിത്രമാണ്. ത്രില്ലർ മൂഡിൽ കഥ പറഞ്ഞു പോകുമ്പോൾ തന്നെ കഥാപത്രങ്ങളുടെ വ്യക്തിപരമായ ജീവിതവും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന സംഭവങ്ങളും ചിത്രത്തിൽ ചർച്ച ചെയ്യുന്നുണ്ട്.
ബാലു വർഗീസും ലുക്മാനുമാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. രണ്ടുപേരും ഒന്നിനൊന്ന് മത്സരിച്ചുള്ള പ്രകടനമാണ് കാഴ്ച്ച വെച്ചിട്ടുള്ളതും. വിനായകൻ, ബിനു പപ്പു, ഇർഷാദ്, അലക്സാണ്ടർ പ്രശാന്ത്, ഷൈൻ ടോം ചാക്കോ, ധന്യ അനന്യ എന്നിങ്ങനെ ഓരോരുത്തരും അവരുടെ റോളുകൾ മനോഹരമാക്കുകയും ചെയ്തു. മികച്ചൊരു തീയറ്റർ അനുഭവമായ ചിത്രം സിനിമാറ്റോഗ്രഫി കൊണ്ടും എഡിറ്റിംഗ് കൊണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൊണ്ടും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു അവതരണമാണ് സ്വായത്തമാക്കിയിരിക്കുന്നത്. തീർച്ചയായും ബിഗ് സ്ക്രീനിൽ കുടുംബസമേതം ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് ഓപ്പറേഷൻ ജാവ.