ആദ്യ പ്രണയത്തിന്റെ ഓർമകൾ… അതും കളിച്ചും ചിരിച്ചും നടന്ന സ്കൂൾ ജീവിതത്തിന്റെ കാലഘട്ടത്തിൽ ഉള്ളതാണെങ്കിൽ ആർക്കും അത്ര പെട്ടെന്ന് മറക്കുവാൻ സാധിക്കില്ല. ഇത്രയേറെ ഗൃഹാതുരത്വം തരുന്ന മറ്റൊരു കാര്യവുമില്ലെന്ന് തന്നെ പറയാം. കൗമാരത്തിലെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ഭംഗിയായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിവേക് ആര്യനാണ്. ആദ്യ ചിത്രത്തിൽ തന്നെ പ്രേക്ഷകന്റെ മനസ്സ് കീഴടക്കാൻ സാധിച്ചതിൽ നിന്നും ഒന്നുറപ്പിക്കാം. ഈ സംവിധായകൻ ഇനിയുമേറെ മലയാളികൾക്ക് സമ്മാനിക്കും.
ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു വളർന്ന നിതിൻ എന്ന യുവാവ് ഇന്ന് സിനിമ സ്വപ്നം കണ്ടു നടക്കുന്ന ഒരു യുവാവാണ്. തന്റെ സ്കൂൾ കാലഘട്ടത്തിലെ മനോഹരമായ ഓർമകൾ സമ്മാനിച്ച പ്രണയത്തിലേക്ക് ഓർമകളിലൂടെ ഒരു മടക്കയാത്ര നടത്തുകയാണ് നിതിൻ. കൂട്ടിന് പ്രേക്ഷകരെയും വിളിക്കുന്നു. ആ ഒരു കാലഘട്ടം ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് കൊതിക്കുന്നവരാണ് ഓരോ പ്രേക്ഷകനും. അതിനാൽ തന്നെ കൂടെ പോകാൻ പ്രേക്ഷകനും സന്തോഷമേയുള്ളൂ. നൊസ്റ്റാൾജിയയും പ്രണയവും എല്ലാം നിറയുമ്പോൾ മറ്റൊരു പ്രേമമല്ലേ എന്ന് ചോദിച്ചു നെറ്റി ചുളിക്കുന്നതിന് മുൻപേ പറയാം. coming-of-age ചിത്രങ്ങൾ എന്ന സമാനത മാത്രമേ ഇരു ചിത്രങ്ങളും തമ്മിലുള്ളൂ.
പറയാൻ കൊതിച്ചതും പറയാൻ മറന്നതുമായ പ്രണയത്തിനും ഒരു സൗന്ദര്യമുണ്ടെന്ന് നിശ്ശബ്ദമായി പ്രണയിച്ച ഓരോരുത്തർക്കും പറയുവാൻ സാധിക്കും. ആ ഒരു ഫീൽ കൂടി ചിത്രം പകരുന്നുണ്ട്. കൗമാരത്തിന്റെ നിഷ്കളങ്കതയും പുതുമയും അതിന്റെ മനോഹാരിതയിൽ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ നിതിനിലൂടെ ദീപക്കിന് സാധിച്ചിട്ടുണ്ട്. അതേ പോലെ തന്നെ നവാഗത നായിക അനശ്വരയും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ക്വീൻ സിനിമയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ എൽദോ, സാം, ഫ്ളവേഴ്സ് കോമഡി ഉത്സവം ഫെയിം ജെയിംസ് എന്നിവരും പ്രശംസനീയമായ പ്രകടനവുമായി ചിത്രത്തിലുണ്ട്.
വിഷ്ണു രാജിന്റെ കഥക്ക് സി ജി ശിവപ്രസാദും അപ്പു ശ്രീനിവാസ് നായരും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂവർക്കും പ്രേക്ഷകരെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകുവാൻ സാധിച്ചിട്ടുണ്ട് എന്നത് തന്നെയാണ് അവരുടെ വിജയം. അരുൺ ജയിംസിന്റെ ക്യാമറക്കണ്ണുകളും ഓർമകൾക്ക് അഴകേകി. രഞ്ജിൻ രാജ് ഒരുക്കിയ ഗാനങ്ങളും ആ ഒരു മടക്കയാത്രക്ക് കൂടുതൽ ആവേശം പകർന്നു. തിരിച്ചു കിട്ടിയിരുന്നേൽ എന്നു കൊതിക്കുന്ന പഴയ ഓർമകളിലേക്ക് ഒരു മടക്കയാത്ര കൊതിക്കുന്നവരാണ് നിങ്ങളെങ്കിൽ ഓർമയിൽ ഒരു ശിശിരം നിങ്ങൾക്കുള്ളതാണ്.