തൂക്കുപാറയുടെ മുകളിൽ നിൽക്കുമ്പോൾ കാൽ വഴുതി താഴെ വീണാൽ ആരെങ്കിലും പിടിക്കാൻ ഉണ്ടാകുമോ എന്ന് ഒരു സംശയം… ഒറ്റപ്പെടലിന്റെ നീർച്ചുഴിയിൽ വീണു കിടക്കുന്ന ഓരോ മനുഷ്യനും ഉണ്ടാകുന്ന ഒരു ഭയം. ആ ഭയം അവനെ അവൻ ചെയ്തിട്ടില്ലാത്ത കുറ്റങ്ങളുടെ കാരണക്കാരനാക്കുന്നു. അങ്ങനെയുള്ള ഒരു ഇരയുടെ അല്ലെങ്കിൽ പ്രതിയുടെ കഥയാണ് മധുപാലിന്റെ സംവിധാനസംരഭമായ ഒരു കുപ്രസിദ്ധ പയ്യൻ. ആരുമില്ലാത്തവരെ ആർക്കും എന്തും ചെയ്യാമെന്ന സമൂഹത്തിലെ അലിഖിത നിയമത്തെ പൊളിച്ചെഴുതിയ ചിത്രം. ആരുമില്ലാത്തവന് ദൈവമുണ്ട് എന്ന സത്യത്തിന്റെ പച്ചയായ ആവിഷ്ക്കാരം. എത്ര വലിയ നന്മ ചെയ്താലും അങ്ങനെ ഉള്ളവന്റെ ചെറിയ തെറ്റുകൾ പോലും പെരുപ്പിച്ചു കാണിക്കാൻ ആഗ്രഹിക്കുന്ന സമൂഹം. ആ സമൂഹത്തിന് മുൻപിൽ ഒരു കണ്ണാടിയായി വർത്തിക്കുകയാണ് ഒരു കുപ്രസിദ്ധ പയ്യൻ. ഇന്നും ഇന്നലെയും എന്നും സമൂഹത്തിൽ കാണുന്ന ഒരു കാഴ്ചയുടെ സത്യസന്ധമായ ഒരു ആവിഷ്ക്കാരം എന്ന നിലയിൽ ഒരു കുപ്രസിദ്ധ പയ്യൻ എല്ലാ കാലത്തും പ്രാധാന്യമുള്ള ഒരു ചിത്രം തന്നെയാണ്.
അനാഥനായ അജു എന്ന് വിളിക്കുന്ന അജയൻ എന്ത് ജോലിയും ചെയ്യാൻ മടിയില്ലാത്ത ഒരു ചെറുപ്പക്കാരനാണ്. എങ്കിൽ പോലും എല്ലാവരുടെയും മുൻപിൽ ഒന്നിനും കൊള്ളില്ലാത്തവൻ എന്ന ഒരു ഇമേജാണ് അവനുള്ളത്. എങ്കിലും അവനെ മനസ്സിലാക്കുന്ന, സ്നേഹിക്കുന്ന പലരും അവന്റെ ചുറ്റിലുമുണ്ട്. അത്തരത്തിൽ അജു സ്വന്തം അമ്മയുടെ സ്ഥാനത്ത് കാണുന്ന ഒരാളാണ് ചെമ്പകമ്മാൾ. ഒരു അർദ്ധരാത്രിയിൽ നാടിന് ഞെട്ടിച്ച് ചെമ്പകമ്മാൾ ക്രൂരമായി കൊല്ലപ്പെടുന്നു. ഒറ്റക്ക് താമസിക്കുന്ന അവരുടെ വീട്ടിലെ നിത്യസന്ദർശകനായ അജയൻ അതിൽ പ്രതിചേർക്കപ്പെടുന്നു. അവനെ അറിയുന്നവരും പ്രിയപ്പെട്ടവരുമെല്ലാം അവനെതിരെ തിരിയുന്നു. അതോടെ ഒറ്റപ്പെടുന്ന അജുവിന് തന്റെ നിരപരാധിത്വം തെളിയിക്കുവാനുള്ള പരിശ്രമമാണ് ഒരു കുപ്രസിദ്ധ പയ്യനിലൂടെ ചർച്ച ചെയ്യുന്നത്.
യുവനടന്മാരിൽ ഏറെ സെലക്ടീവ് ആയ നടൻ ആരാണെന്ന് ചോദിച്ചാൽ യാതൊരു മടിയുമില്ലാതെ എല്ലാവരും പറയുന്ന ഒരു പേരാണ് ടോവിനോ തോമസ്. ചിത്രത്തിന്റെ രണ്ടാം പകുതി മുഴുവൻ നിമിഷ സജയന്റെ ഹന്ന എലിസബത്ത് എന്ന കഥാപാത്രമാണ് നിറഞ്ഞു നിൽക്കുന്നതും കൈയ്യടികൾ വാങ്ങുന്നതും. അത്തരമൊരു തിരക്കഥ ആയിരുന്നിട്ട് പോലും അതിന് സമ്മതം മൂളിയ ടോവിനോയുടെ സെലക്ഷൻ മറ്റു പലരും കണ്ടു പഠിക്കേണ്ടതാണ്. നിഷ്കളങ്കതയും തീവ്രമായ ഇമോഷണൽ രംഗങ്ങളുടെ പൂർണതയുമായി തന്റെ കഥാപാത്രത്തിനെ ഏറ്റവും ജീവസുറ്റതാക്കി തീർക്കുവാൻ ടോവിനോക്കായിട്ടുണ്ട്. വിജയം തുടർക്കഥയാക്കിയിരിക്കുന്ന ടോവിനോയുടെ കരിയറിലെ അടുത്ത ഹിറ്റ് തന്നെയാണ് ഒരു കുപ്രസിദ്ധ പയ്യൻ. നായികാവേഷത്തിൽ എത്തുന്നത് അനു സിതാരയാണെങ്കിലും കൈയ്യടികൾ വാരിക്കൂട്ടുന്നത് നിമിഷ സജയൻ തന്നെയാണ്. നിമിഷ ഇതേവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ എന്തുകൊണ്ടും ഏറ്റവും മുകളിൽ നിൽക്കുന്ന ഒന്ന് ഒരു കുപ്രസിദ്ധ പയ്യനിലെ ഹന്ന തന്നെയാണ്. ആദ്യമേ ഒരു നിഷ്കളങ്ക ഭാവത്തിൽ എത്തിയിട്ടും തന്നെ താഴ്ത്തിക്കെട്ടുന്നവരുടെ മുമ്പിൽ ചങ്കൂറ്റത്തോടെ നിന്നപ്പോൾ പ്രേക്ഷകർ അറിയാതെ തന്നെ കൈയ്യടിച്ചുപോയി. നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ, സിദ്ധിഖ്, ബാലു വർഗീസ്, ശ്വേത മേനോൻ, ജി സുരേഷ് കുമാർ, അലൻസിയർ, സുജിത് ശങ്കർ, സിബി തോമസ്, ദിലീഷ് പോത്തൻ എന്നിങ്ങനെ ഓരോരുത്തരും അവരുടെ ഭാഗങ്ങൾ പൂർണമായും മനോഹരമാക്കി.
തലപ്പാവ്, ഒഴിമുറി എന്നീ തന്റെ മറ്റു രണ്ടു ചിത്രങ്ങളിൽ നിന്നും വേറിട്ടൊരു സമീപനമാണ് മധുപാൽ ഒരു കുപ്രസിദ്ധ പയ്യനിൽ സ്വീകരിച്ചിരിക്കുന്നത്. ത്രില്ലർ മോഡിൽ മുന്നേറുന്ന ചിത്രത്തെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാക്കിയത് ജീവൻ ജോബ് തോമസ് ഒരുക്കിയ തിരക്കഥ തന്നെയാണ്. ഔസേപ്പച്ചൻ ഒരുക്കിയ മനോഹരഗാനങ്ങളും നൗഷാദ് ഷെരീഫിന്റെ ക്യാമറവർക്കുകളും കൂടിയായപ്പോൾ കുപ്രസിദ്ധ പയ്യൻ പ്രേക്ഷകരുടെ പ്രിയങ്കരനായ പയ്യനായി മാറി. വി സാജന്റെ എഡിറ്റിംഗും ചിത്രത്തിന് കൂടുതൽ മിഴിവേകി. അജയനെ പോലെയുള്ള നിസ്സഹായരായ അല്ലെങ്കിൽ നിസ്സഹായരാക്കപ്പെടുന്ന ഒട്ടേറെ ജീവിതങ്ങളെ നേരിട്ട് കാണുന്ന ഇന്നത്തെ സമൂഹത്തിന് ഉള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഒരു കുപ്രസിദ്ധ പയ്യൻ എന്ന ഈ ചിത്രം. ഇത്തരം കുപ്രസിദ്ധ പയ്യന്മാർ നമ്മുടെ ഇടയിൽ ഉണ്ടാകരുതേ എന്ന് പ്രത്യാശിക്കാം.