ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ സീതാരാമത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു.
ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രത്തിന്റെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകള്‍ സെപ്റ്റംബര്‍ ഒന്‍പത് മുതലാണ് സ്ട്രീം ചെയ്യുക. പെന്‍ സ്റ്റുഡിയോസ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സെപ്റ്റംബര്‍ രണ്ടിന് തിയറ്ററ് റിലീസ് ചെയ്തിരുന്നു.
ഓഗസ്റ്റ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്മാന് ചിത്രം സീതാരാമം തീയറ്ററുകളില്‍ എത്തിയത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടി. ഹനു രാഘവപുടിയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്മാന് ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്കര്‍, ഗൗതം വാസുദേവ് മേനോന്, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചത്.