റൊമാന്റിക് ഹീറോകളുടെ ആക്ഷൻ വിളയാട്ടം ഏറ്റെടുത്ത് പ്രേക്ഷകർ. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് സ്വന്തമാക്കിയത്. സസ്പെൻസ് ത്രില്ലർ ആയി എത്തിയ സിനിമയുടെ അവസാനത്തെ 30 മിനിറ്റ് ഒരു രക്ഷയുമില്ലാത്ത വിധം പൊളിച്ചടുക്കിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അവസാന അരമണിക്കൂറിൽ തിയറ്ററിൽ എഴുന്നേറ്റ് നിന്ന് കൈയടിച്ചു പോകുന്ന വിധത്തിലാണ് ക്ലൈമാക്സ് ഒരുക്കിവെച്ചിരിക്കുന്നത്. ഒപ്പം ട്വിസ്റ്റോട് ട്വിസ്റ്റും. ഉദ്വോഗജനകമായ വഴികളിലൂടെയാണ് ‘ഒറ്റ്’ സഞ്ചരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ ആദ്യ തമിഴ് ചിത്രമെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തിയത്. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്നു എന്ന ‘ഒറ്റ്’ സിനിമയ്ക്കുണ്ട്. മലയാളത്തിനൊപ്പം തമിഴിലും ഉൾപ്പെടെ രണ്ട് ഭാഷകളിലായാണ് ഒറ്റ് പ്രദർശനത്തിന് എത്തിയത്. സംവിധായകനായ ഫെല്ലിനി ടി പി ഹോളിവുഡ് ചിത്രങ്ങളുടെ ചുവടു പിടിച്ചുകൊണ്ടാണ് ഒറ്റിന്റെ ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്ന കിച്ചുവും അരവിന്ദ് സ്വാമി അവതരിപ്പിക്കുന്ന ഡേവിഡ് എന്ന ദാവൂദും ഒരേപോലെ പ്രേക്ഷകരെ ആശങ്കയുടെ മുൾമുനയിൽ നിർത്തുകയാണ്.
കിച്ചുവിന്റെ കാമുകിയായ കല്യാണിക്ക് സ്വീഡനിലേക്ക് കുടിയേറണമെന്നാണ് ആഗ്രഹം. കാമുകിയുടെ ആഗ്രഹ സഫലമാക്കണമെങ്കിൽ ഒരു ഭാരിച്ച തുക കണ്ടെത്തണം. ഇതിനെക്കുറിച്ച് ആലോചിച്ച് ആശങ്കാകുലനായി നടക്കുന്ന കിച്ചുവിന്റെ അരികിലേക്ക് ഒരു വൻതുക വാഗ്ദാനമായി എത്തുകയാണ്. മുമ്പ് നടന്ന ഗ്യാങ് വാറിനു ശേഷം ഓർമനഷ്ടം നേരിടുന്ന ഡേവിഡിൽ നിന്നും ചിലത് ചികഞ്ഞ് പരിശോധിക്കുക എന്നതാണ് കിച്ചു പൂർത്തിയാക്കേണ്ട മിഷൻ. ഈ മിഷൻ കിച്ചുവിന് പൂർത്തിയാക്കുവാൻ സാധിക്കുമോ? എന്നതാണ് ഒറ്റിനെ മുന്നോട്ട് നയിക്കുന്നത്. പ്രേക്ഷകരുടെ വമ്പൻ കൈയടികളോടെ തിയറ്ററുകൾ കീഴടക്കി ‘ഒറ്റ്’ ജൈത്രയാത്ര തുടരുകയാണ്.