ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നിവിൻ പോളി നായകനായ പടവെട്ട് സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഒക്ടോബർ 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ഗ്രാൻഡ് ഓഡിയോ ലോഞ്ച് ഒക്ടോബർ 16ന് തിരുവനന്തപുരം ലുലു മാളിൽ വെച്ച് നടക്കും. സിനിമയിലെ രണ്ടാമത്തെ ഗാനം ഇന്ന് യുട്യൂബിൽ റിലീസ് ചെയ്തു. പാഞ്ഞ് പാഞ്ഞ് എന്ന ഗാനം സരിഗമ മലയാളത്തിന്റെ യുട്യൂബ് ചാനൽ മുഖേനയാണ് റിലീസ് ചെയ്തത്. അൻവർ അലിയുടെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. വളരെ അർത്ഥവത്തായ വരികളും അതിന് ചേരുന്ന സംഗീതവുമായി സംഗീത പ്രേമികൾക്ക് ഒരു വിരുന്ന് തന്നെയാണ് ഈ ഗാനം.
സി ജെ കുട്ടപ്പൻ, വേടൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അമൽ ആന്റണി അഗസ്റ്റിൻ, ഓസ്റ്റിൻ ഷൈമോൻ, അലക്സ് പീറ്റർ, ജിയോ സി ആന്റോ, ജാസിൽ എം ജെ, ജെയിംസ് ജോസഫ് എന്നിവർ ചേർന്നാണ് കോറസ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ജീവിതത്തില്‍ പ്രത്യേക ലക്ഷ്യങ്ങള്‍ ഒന്നുമില്ലാതിരുന്ന സാധാരണക്കാരനായ യുവാവ് പിന്നീട് അഴിമതിക്കും ചുഷണത്തിനുമെതിരെ പോരാടി നാടിന്റെ നായകനായി മാറുന്ന കഥയാണ് ചിത്രം പറയുന്നത്.
നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്, ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസും സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ബിബിന്‍ പോളാണ് സഹനിര്‍മ്മാതാവ്. ദീപക് ഡി. മേനോനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് മേനോന് സംഗീതം നല്കുന്നു. എഡിറ്റിങ് ഷഫീഖ് മുഹമ്മദലിയും സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും നിര്‍വഹിക്കുന്നു. സുഭാഷ് കരുണ്‍ കലാസംവിധാനവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും റോണക്സ് സേവിയര്‍ മേക്കപ്പും നിര്‍വഹിക്കുന്നു. ജാവേദ് ചെമ്പാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. സ്റ്റില്‍സ് ബിജിത്ത് ധര്‍മടം, വിഎഫ്എക്സ് മൈന്‍ഡ്സ്റ്റെയിന്‍ സ്റ്റുഡിയോസ്. പിആര്‍ഒ ആതിര ദില്‍ജിത്ത്. ഒക്ടോബര്‍ 21ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.