സുരേഷ് ഗോപിയെ നായകനാക്കി സംവിധായകൻ ജോഷി ഒരുക്കിയ ചിത്രം ‘പാപ്പൻ’ തിയറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ജൂലൈ 29ന് റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് കുറിച്ചത്. ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ഇൻവെസ്റ്റിഗേഷൻ ഡ്രാമ സുരേഷ് ഗോപിയുടെ ഇതുവരെയുള്ള ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണറായി മാറി. ലഭ്യമായ ഏറ്റവും പുതിയ അപ്ഡേറ്റുകൾ അനുസരിച്ച് റിലീസ് ചെയ്ത രണ്ടാം ദിവസം തന്നെ തിയറ്ററിൽ വൻ ഉയർച്ചയാണ് പാപ്പന് ലഭിച്ചത്.
ട്രേഡ് എക്സ്പേർട്ടുകളുടെ വിലയിരുത്തൽ അനുസരിച്ച് റിലീസ് ചെയ്ത രണ്ടാം ദിവസം മാത്രം കേരള ബോക്സ് ഓഫീസിൽ നിന്ന് 1.88 കോടി രൂപ നേടി. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് രണ്ടാം ദിവസം മാത്രം സ്വന്തമാക്കിയ കളക്ഷൻ 2.8 കോടി രൂപയാണ്. അതായതയ്, ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ടു തന്നെ അഞ്ചു കോടിക്ക് മുകളിലാണ് പാപ്പന്റെ ഗ്രോസ് കളക്ഷൻ. കൃത്യമായി പറയുകയാണെങ്കിൽ 5.3 കോടിയാണ് പാപ്പന്റെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ.
അവധിദിനമായ ഞായറാഴ്ച ബോക്സ് ഓഫീസിൽ പാപ്പൻ ഒന്നാം ദിവസത്തെയും രണ്ടാം ദിവസത്തെയും കടത്തിവെട്ടുന്ന കളക്ഷൻ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അങ്ങനെ വന്നാൽ റിലീസ് ചെയ്ത് മൂന്നാം ദിവസം തന്നെ പത്തുകോടിയിലേക്ക് ചിത്രത്തിന്റെ കളക്ഷൻ എത്തുമെന്നാണ് റിപ്പോർട്ടുകൾ. പോസിറ്റീവ് റിവ്യൂകൾക്ക് ഒപ്പം തന്നെ മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന്റെ വിജയത്തിന് വലിയ ഒരു കാരണമായിരിക്കുകയാണ്. ആഗോളതലത്തിൽ തന്നെ ഷോകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഇതിന് സാധിച്ചു.