ചിരിയെയും യാത്രയേയും സ്നേഹിക്കാത്ത ഒരു മലയാളി പോലുമില്ല എന്നത് പകൽ പോലെ സത്യം. അപ്പോൾ ഏറെ പ്രിയപ്പെട്ട അവ ഒരുമിച്ചു വന്നാലോ? കൂടെ ചിരിയുടെ പൂരം ഒരുക്കുന്ന ഒരു കിടിലൻ താരനിരയും? അതാണ് റഫീഖ് ഇബ്രാഹിം ഒരുക്കിയ പടയോട്ടം എന്ന ചിത്രം. കേരളത്തിന്റെ തെക്കേ അറ്റത്ത് കിടക്കുന്ന തലസ്ഥാനനഗരി തിരുവനന്തപുരത്ത് നിന്നും വടക്കേ അറ്റത്തുള്ള കാസർഗോഡ് വരെ ചിരിച്ച് മറിഞ്ഞ് ഒരു അടിപൊളി യാത്ര. അഴിക്കുന്തോറും മുറുകുന്ന ഊരാക്കുടുക്കുകളുമായി യാത്ര പ്രേക്ഷകനെയും രസിപ്പിക്കുന്ന ഒന്നാണ്. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സോഫിയ പോളും വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സും മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്ന ഒരു പുത്തൻ വിരുന്ന് കൂടിയാണ് പടയോട്ടം. ഒപ്പം റഫീഖ് ഇബ്രാഹിം എന്ന കഴിവുറ്റ നവാഗത സംവിധായകനെ കൂടി ചിത്രം മലയാള സിനിമാലോകത്തിന് സമ്മാനിച്ചിരിക്കുന്നു.
കണ്ടാൽ നിഷ്കളങ്കനും എന്നാൽ കൈയ്യിലിരിപ്പ് അത്ര പോരാത്തതുമായ ഒരു ചങ്ക് എല്ലാ കൂട്ടത്തിലും കാണും. അതിൽ പെടുന്ന ഒരുത്തനാണ് പിങ്കുവും. തിരുവനന്തപുരത്ത് ഉള്ള പിങ്കുവിനെ തല്ലിയവനെ കണ്ടുപിടിച്ച് മാപ്പ് പറയിപ്പിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കളായ സേനൻ, ശ്രീക്കുട്ടൻ, രഞ്ജു എന്നിവർ. കൂട്ടത്തിന് പഞ്ചാബിൽ പോലും പോയി തല്ലാൻ തക്ക ഹോൾഡുള്ള ചെങ്കൽ രഘുവിനെയും കൂടെ കൂട്ടുന്നു. പക്ഷേ തല്ലിയവനെ കണ്ടുപിടിക്കാൻ പോകുന്ന അവരുടെ യാത്ര കൂടുതൽ പ്രശ്നങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ആ പ്രശ്നങ്ങളെ അവർ രസകരമായ രീതിയിൽ അതിജീവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാസ്സ് ലുക്കിൽ കിടിലൻ ചിരികൾ തീർക്കുന്ന ബിജു മേനോന്റെ ചെങ്കൽ രഘു തന്നെയാണ് ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്നത്. പ്രേക്ഷകനെ ചിരിപ്പിക്കുന്നതിൽ ബിജു മേനോനുള്ള പ്രത്യേക കഴിവ് വീണ്ടും തെളിയിച്ചിരിക്കുകയാണ് പടയോട്ടത്തിലൂടെ.
രഘുവണ്ണന്റെ ഒപ്പം തുടക്കം മുതൽ ഒടുക്കം വരെ ചിരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നവരാണ് ദിലീഷ് പോത്തൻ അവതരിപ്പിച്ച സേനനും സൈജു കുറുപ്പിന്റെ ശ്രീക്കുട്ടനും സുധി കോപ്പയുടെ രഞ്ജുവും ബേസിൽ ജോസഫ് അവതരിപ്പിച്ച പിങ്കുവും. പ്രേക്ഷകർക്ക് ഒന്നിന് പുറകെ ഒന്നായി ചിരിക്കുവാൻ ഉള്ള നിമിഷങ്ങൾ സമ്മാനിക്കുവാൻ എല്ലാവരും മത്സരമാണ്. ചാവക്കാട് ബ്രിട്ടോയായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും കാസർഗോഡ് രതീഷായി ഹരീഷ് കണാരനും സൽമാനായി ഗണപതിയും ചിരിയുടെ പടയോട്ടത്തിൽ ചേരുന്നു. രാംദേവായി രവി സിങ്ങും ബാബയായി സുരേഷ് കൃഷ്ണയും പടയോട്ടത്തിന്റെ വേറെ തലങ്ങൾ മനോഹരമാക്കിയിരിക്കുന്നു. സേതുലക്ഷ്മിയമ്മയുടെ ലളിത അക്കൻ എന്ന കഥാപാത്രവും പ്രേക്ഷകരെ നല്ല രീതിയിൽ ചിരിപ്പിക്കുന്നുണ്ട്. മീരയായി അനു സിത്താരയും സാഹിബയായി ഐമയും അവരുടെ ഭാഗങ്ങൾ മനോഹരമാക്കി. തിരുവനന്തപുരം, ഫോർട്ട് കൊച്ചി, തൃശൂർ, കാസർഗോഡ് എന്നിങ്ങനെ വ്യത്യസ്തമായ ഭാഷാശൈലികളെ അതിന്റെ അതെ മനോഹാരിതയോടെ അവതരിപ്പിക്കുവാനും പടയോട്ടത്തിനായിട്ടുണ്ട് എന്നത് അഭിന്ദനാർഹമാണ്.
അരുൺ എ ആറും അജയ് രാഹുലും ചേർന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ വിജയം കൈവരിച്ചിട്ടുണ്ട്. എങ്കിൽ പോലും പ്രേക്ഷകനെ മടുപ്പിക്കുന്ന ഒരു വലിച്ചു നീട്ടൽ ചിലപ്പോഴെല്ലാം ഫീൽ ചെയ്യുന്നുണ്ട്. എന്നും വേറിട്ട സംഗീത അനുഭവം സമ്മാനിച്ചിട്ടുള്ള പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങൾ ചിത്രത്തിന്റെ കഥാഗതിക്കൊപ്പം തന്നെ സഞ്ചരിക്കുന്നു. കേരളത്തിന്റെ വ്യത്യസ്ഥമായ സംസ്കാരങ്ങളെ അതിന്റെ പൂർണ മനോഹാരിതയിൽ തന്നെ ഒപ്പിയെടുക്കുവാൻ സതീഷ് കുറുപ്പിന്റെ ക്യാമറക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം അത് പ്രേക്ഷകന് ഇഷ്ടമാകുന്ന രീതിയിൽ രതീഷ് രാജ് എഡിറ്റ് കൂടി ചെയ്തപ്പോൾ പടയോട്ടം ഒരു മികച്ച അനുഭവമായിരിക്കുകയാണ്. കുടുംബപ്രേക്ഷകരടക്കം എല്ലാവർക്കും ഒരേപോലെ ചിരിച്ചാസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയാണ് പടയോട്ടം. കാരണം രഘുവണ്ണനും പിള്ളേരും മാസും ക്ലാസ്സുമാണ്.