അനൂപ് മേനോന്റെ പുതിയ ചിത്രം 21 ഗ്രാംസിന് ആശംസകളുമായി പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. പുതിയ ചിത്രം രാധേശ്യാമിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചി ക്രൗണ്‍ പ്ലാസയില്‍ എത്തിയപ്പോഴാണ് അനൂപ് മേനോനേയും ചിത്രത്തിന്റെ സംവിധായകന് ബിബിന്‍ കൃഷ്ണയേയും നിര്‍മാതാവ് റെനീഷിനേയും പ്രഭാസ് കണ്ടത്. ചിത്രം വലിയ വിജയമാകട്ടെയെന്ന് പറഞ്ഞ പ്രഭാസ് എല്ലാ വിധ ആശംസകളും നേര്‍ന്നു.
നവാഗതനായ ബിബിന്‍ കൃഷ്ണ ഒരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് 21 ഗ്രാംസ്. ട്രാഫിക്കിന് ശേഷം അനൂപ് മേനോന്റെ ഒരു കംപ്ലീറ്റ് ത്രില്ലര്‍ ചിത്രമായിരിക്കും 21 ഗ്രാംസ് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന് എത്തുന്നത്. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇതുവരെ കാണാത്ത ലുക്കില്‍ യുവതാരം അനു മോഹനും ചിത്രത്തില്‍ എത്തുന്നുണ്ട്. തിരക്കഥാകൃത്തുക്കളായ രഞ്ജിത്തും രഞ്ജി പണിക്കരും ഒരുമിച്ചെത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. ഇവര്‍ക്ക് പുറമെ ലെന, ലിയോണ ലിഷോയ്, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.
ദീപക് ദേവാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായാഗ്രഹണവും അപ്പു എന്‍ ഭട്ടതിരി എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് പതിനെട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.