മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം നേര് തിയറ്ററുകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. അമ്പതുകോടി ക്ലബിൽ എത്തിയ ചിത്രം കാണാൻ കേരളക്കര തിയറ്ററുകളിലേക്ക് ഒഴുകുകയാണ്. ഇതിനിടയിലാണ് കോട്ടയത്തെ സ്നേഹക്കൂട്ടിലെ പ്രായമായ അമ്മമാരും അച്ഛൻമാരും നേര് കാണാൻ തിയറ്ററിലേക്ക് എത്തിയത്. സ്നേഹക്കൂട് നടത്തിപ്പുക്കാരി നിഷമോൾ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. പ്രായമായ മാതാപിതാക്കൾ തിയറ്ററിലേക്ക് എത്തുന്നതിന്റെ ഫോട്ടോയും വിഡിയോയും പങ്കുവെച്ചാണ് നിഷ ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
സിനിമ കാണാൻ എത്തിയവരിൽ ജീവിതത്തിൽ ആദ്യമായി തിയറ്ററിൽ എത്തിയവരും ഉണ്ടായിരുന്നു. ’82 വർഷം ഈ ഭൂമിയിൽ ജീവിച്ചിട്ടും തിയേറ്ററിൽ പോയി ഒരു സിനിമ പോലും കാണാത്ത പങ്കജം അമ്മയേയും, 75 വയസ്സായിട്ടും സ്നേഹക്കൂട്ടിലെത്തിയതിന് ശേഷം മാത്രം തീയേറ്ററിലെത്തി രണ്ടാമത്തെ സിനിമ കാണുന്ന ബാലനച്ഛനേയും പോലെയുള്ള നൂറോളം സ്നേഹക്കൂട്ടിലെ എൻ്റെ അച്ഛനമ്മമാരോടൊപ്പം നേര് സിനിമ കാണാനായി എത്തിയപ്പോൾ. നേര് സിനിമയിലെ പ്രധാന കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ച ശങ്കർ ഇന്ദുചൂടനൊപ്പം സിനിമയുടെ 50 കോടി വിജയാഘോഷത്തിൽ പങ്കെടുക്കാനും എൻ്റെ അച്ഛനമ്മമാർക്ക് ഭാഗ്യം കൂടി ഇതോടൊപ്പം ലഭിച്ചു. ഇതിന് അവസരമൊരുക്കിയ ലാലേട്ടൻ ഫാൻസ് കോട്ടയം ജില്ലാ കമ്മറ്റിയോടുള്ള സ്നേഹക്കൂട് കൂട്ടുകുടുംബത്തിൻ്റെ സ്നേഹവും കടപ്പാടും അറിയിക്കുന്നു.. ‘നേര് ‘ഇനിയും കൂടുതൽ വിജയം വരിക്കുവാൻ ആത്മാർത്ഥമായി സ്നേഹക്കൂട് കുടുംബം പ്രാർത്ഥിയ്ക്കുന്നു’. – നിഷ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഇവർക്കൊപ്പം സിനിമ കാണാൻ ചിത്രത്തിലെ പ്രധാന കഥാപാത്രമായ മൈക്കിളിനെ അവതരിപ്പിച്ച ശങ്കർ ഇന്ദുചൂഡനും എത്തിയിരുന്നു. സിനിമ കഴിഞ്ഞതിനു ശേഷം മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചതിനു ശേഷമാണ് ശങ്കർ മടങ്ങിയത്. സിനിമ വളരെ ഇഷ്ടപ്പെട്ടെന്ന് കണ്ടിറങ്ങിയ അമ്മമാർ പറഞ്ഞു. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.