സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദമായിരിക്കുന്നത്. ‘ഒരുത്തീ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമയുടെ അണിയറപ്രവർത്തകർ നടത്തിയ പ്രസ് മീറ്റിൽ ആയിരുന്നു സംഭവങ്ങൾ. സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കിടെ മാധ്യമപ്രവർത്തകർ വ്യക്തിപരമായി ചില ചോദ്യങ്ങൾ ചോദിച്ചത് തർക്കങ്ങൾക്ക് കാരണമാകുകയായിരുന്നു. പ്രണയത്തെക്കുറിച്ചും ശാരീരികബന്ധങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ തനിക്ക് പത്തു സ്ത്രീകളുമായി ശാരീരികബന്ധം ഉണ്ടായിട്ടുണ്ടെന്നും മീടു എന്താണ് എന്ന് തനിക്കറിയില്ലെന്നും വിനായകൻ പറഞ്ഞു. ഇതാണ് വിവാദമായത്. സോഷ്യൽമീഡിയയിൽ ഇതിനെക്കുറിച്ച് വലിയ ചർച്ചകളും വിമർശനങ്ങളും നടന്നു. നിരവധിപേരാണ് വിനായകന് എതിരെ രംഗത്തെത്തിയത്. നടി പാർവതി തിരുവോത്തും വിനായകന് എതിരെ രംഗത്തെത്തി. തന്റെ സോഷ്യൽമീഡിയയിൽ സ്റ്റോറിയായി വിനായകന്റെ പടം പോസ്റ്റ് ചെയ്ത പാർവതി ‘ഷെയിം’ എന്ന് മാത്രമാണ് കുറിച്ചത്. വിനായകന്റെ വിവാദ പത്രസമ്മേളനത്തിലെ ചിത്രമാണ് താരം പങ്കുവെച്ചത്. വിനായകന് എതിരെ മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി നേരത്തെ മീടു ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഒരുത്തീ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി എത്തിയ വിനായകന്റെ നേരെ മാധ്യമപ്രവർത്തകർ ഉന്നയിച്ചു. ഇതാണ് തർക്കങ്ങൾക്കും വിവാദ പരാമർശങ്ങളിലേക്കും വഴി വെച്ചത്.
ചോദ്യത്തെ തുടർന്ന് തനിക്ക് സ്ത്രീകളുമായി ഉണ്ടായിട്ടുള്ള ശാരീരികബന്ധങ്ങളെക്കുറിച്ച് വിനായകൻ തുറന്നു പറയുകയായിരുന്നു. പത്തു സ്ത്രീകളുമായി തനിക്ക് ശാരീരിക ബന്ധം ഉണ്ടായിട്ടുണ്ടെന്ന് വിനായകൻ പറഞ്ഞു. എന്താണ് മീ ടു എന്ന് ചോദിച്ച വിനായകൻ തനിക്ക് അത് അറിയില്ലെന്നും പറഞ്ഞു. ‘പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകൻ പറഞ്ഞു.
ഒരുത്തീ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനം ആയിരുന്നതിനാൽ നടി നവ്യ നായരും സംവിധായകൻ വി കെ പ്രകാശും വിനായകന് ഒപ്പമുണ്ടായിരുന്നു. നവ്യയുടെ സാന്നിധ്യത്തിൽ തന്നെ ആയിരുന്നു ഈ വിവാദപരാമർശങ്ങളും. മാധ്യമപ്രവർത്തകരിൽ ഉണ്ടായിരുന്നു ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി, ‘തനിക്ക് ആ പെണ്ണുമായി സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ഇനിയും ചോദിക്കും. ആ പെണ്ണെന്ത് പറയും, മാന്യമായിട്ട് നോ എന്ന് പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും വന്ന് ചോദിച്ചിട്ടില്ല. ഒരു പെണ്ണിന്റെ വ്യാഖ്യാനമെന്താണെന്ന് അറിയാമോ?’ ഇങ്ങനെയൊക്കെ ആയിരുന്നു വിനായകന്റെ പരാമർശങ്ങൾ. ഇതിനെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയർന്നത്. നടൻ ഹരീഷ് പേരടിയും വിനായകന്റെ വിവാദ പരാമർശങ്ങൾക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഡബ്ല്യു സി സി ഇതിനെക്കുറിച്ച് പ്രതികരിക്കാത്തത് എന്തെന്ന് ഹരീഷ് പേരടി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാർവതി പ്രതികരിച്ചത്.