മലയാളികളുടെ പ്രിയപ്പെട്ട താരം ആർജെ മാത്തുക്കുട്ടി ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് കുഞ്ഞെൽദോ. ചിത്രത്തിൽ നായകനാകുന്നത് യുവതാരം ആസിഫ് അലിയാണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ ഫെയർവെൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ 19 കാരനായിട്ടാണ് ആസിഫ് അലി എത്തുന്നത്. കോളേജ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹകൻ. വിനീത് ശ്രീനിവാസൻ ചിത്രത്തിലെ ക്രിയേറ്റീവ് ഡയറക്ടറായും അണിയറയിൽ എത്തുന്നുണ്ട്. ആദ്യാവസാനം ഹ്യുമറുമായി ക്യാമ്പസിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കമ്പ്ലീറ്റ് എന്റർടൈനർ ആയിരിക്കും കുഞ്ഞെൽദൊ.
ഇപ്പോഴിതാ ചിത്രത്തിലെ പെൺപൂവേ എന്ന മനോഹരമായ മെലഡി പുറത്തിറങ്ങിയിരിക്കുകയാണ്. ലിബിൻ സ്കറിയ, കീർത്തന എസ് കെ എന്നിവർ ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷാൻ റഹ്മാനാണ്. അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്താണ് വരികൾ ഒരുക്കിയിരിക്കുന്നത്. ക്രിസ്തുമസ് റിലീസായിട്ടാണ് ചിത്രമെത്തുന്നത്.
കോറോണഭീതിയിൽ മനുഷ്യർ എല്ലാം വീടുകളിലേക്കായി ചുരുങ്ങിയപ്പോൾ നഷ്ടം വന്നത് എല്ലാ മേഖലയിലുമുള്ള പ്രവർത്തകർക്കാണ്. സിനിമ സ്വപ്നം കണ്ട്, ആ സ്വപ്നത്തെ തിരശീലയിൽ കണ്ട് ആത്മനിർവൃതി അടയുന്ന നിരവധി പേർക്കും ലോക്ക് ഡൗൺ വമ്പൻ ആഘാതമാണ് ഏൽപ്പിച്ചിരിക്കുന്നത്. അതിനിടയിലാണ് പൂർത്തിയാക്കിയ നിരവധി ചിത്രങ്ങളാണ് OTT പ്ലാറ്റ്ഫോം വഴി ഓൺലൈനായി റിലീസ് ചെയ്തത്. തീയറ്റർ പ്രവർത്തകർക്ക് അത് വലിയ തിരിച്ചടിയായിരുന്നു. എന്നാൽ ഇതിനിടയിൽ വ്യത്യസ്ഥരായിരിക്കുകയാണ് മലയാളത്തിലെ പ്രശസ്ത നിർമാണ കമ്പനിയായ ലിറ്റിൽ ബിഗ് ഫിലിംസ്. കുഞ്ഞിരാമായണം, എബി, കൽക്കി തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഈ നിർമാണ കമ്പനിയുടെ പുതിയ ചിത്രമായ കുഞ്ഞെൽദോ ഓൺലൈനായി റിലീസ് ചെയ്യില്ലെന്ന തീരുമാനം നേരത്തെ പ്രേക്ഷകരെ അറിയിച്ചിരുന്നു. “കുഞ്ഞെൽദൊ ഞങ്ങളുടെ കൂട്ടുകാരന്റെ ചെറുത്ത് നിൽപ്പിന്റെ കഥയാണ്. എല്ലാം നഷ്ടപെട്ടവൻ ജീവിതം തിരിച്ച് പിടിച്ച കഥ തിയറ്ററുകളിൽ നിറഞ്ഞ കയ്യടികൾക്കിടയിൽ കാണുമ്പോൾ കിട്ടുന്ന രോമാഞ്ചം ആണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്.. കുഞ്ഞെൽദൊ OTT റിലീസ് ഇല്ല തിയറ്ററുകളിൽ തന്നെ റിലീസ് ചെയ്യും….!!’ എന്നാണ് നിർമാതാക്കൾ അന്ന് പറഞ്ഞത്.