മലയാളികൾ കാത്തിരുന്ന രാജാവ് എത്താൻ ഇനി കുറഞ്ഞ നാളുകൾ മാത്രം. കിംഗ് ഓഫ് കൊത്തയ്ക്ക് ഒപ്പം ഒരു വലിയ പട തന്നെയാണ് എത്തുന്നത്. ചിത്രത്തിൽ ‘കിംഗ് ഓഫ് കൊത്ത’ ആയാണ് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ എത്തുന്നത്. ദുൽഖറിന് ഒപ്പം പ്രേക്ഷകർക്ക് പ്രിയപ്പെട്ട യുവ താരനിരയും എത്തുന്നു. തിയേറ്ററിൽ ദൃശ്യവിസ്മയം തീർക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കിംഗ് ഓഫ് കൊത്ത. ദുൽഖറിന്റെ എക്കാലത്തെയും ഹൈ ബജറ്റ് ചിത്രം നിർമിക്കുന്നത് വെഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്നാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനൊപ്പം വലിയ താര നിരയാണ് അണിനിരക്കുന്നത്.
സർപ്പാട്ട പരമ്പരൈ എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ ഡാൻസിംഗ് റോസിനെ മറക്കില്ല. ഷബീർ കല്ലറക്കൽ ആയിരുന്നു ഡാൻസിംഗ് റോസ് ആയി എത്തി മിന്നും പ്രകടനം സിനിമയിൽ കാഴ്ചവെച്ചത്. കിംഗ് ഓഫ് കൊത്തയുടെ വരവിനായി കാത്തിരിക്കുന്നവർക്ക് ആവേശം നൽകുന്ന വാർത്തയാണ് ചിത്രത്തിൽ അവരുടെ പ്രിയപ്പെട്ട താരങ്ങൾ ഉണ്ടെന്ന വാർത്ത. കണ്ണൻ എന്ന കഥാപാത്രമായാണ് ഷബീർ കല്ലറയ്ക്കൽ എത്തുന്നത്. ഷാഹുൽ ഹസൻ എന്ന കഥാപാത്രമായി പ്രസന്ന എത്തുമ്പോൾ താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്ജു ആയി നൈല ഉഷയും എത്തുന്നു. രഞ്ജിത്ത് എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ആണ് വേഷമിട്ടിരിക്കുന്നത്. ദുൽഖർ സൽമാനൊപ്പം മറ്റൊരു താരപുത്രനും ഈ സിനിമയിലുണ്ട്. സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് ടോമി എന്ന കഥാപാത്രമായി എത്തുമ്പോൾ ഷമ്മി തിലകൻ രവിയായി എത്തുന്നു. മാലതി എന്ന കഥാപാത്രമായി ശാന്തി കൃഷ്ണയും ജിനു എന്ന കഥാപാത്രമായി വട ചെന്നൈ ശരണും റിതു എന്ന കഥാപാത്രമായി അനിഖ സുരേന്ദ്രനും എത്തുന്നു.
സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ഓണം റിലീസായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്. ഛായാഗ്രഹണം – നിമീഷ് രവി, സ്ക്രിപ്റ്റ് – അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ – ശ്യാം ശശിധരൻ, മേക്കപ്പ് – റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, സ്റ്റിൽ – ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി രാജശേഖറാണ്. പാൻ ഇന്ത്യൻ തലത്തിൽ വിജയിച്ച കണ്ണും കണ്ണും കൊള്ളയടിത്താൽ, കുറുപ്പ്, സീതാരാമം, ചുപ്പ് എന്നീ സിനിമകൾക്ക് ശേഷം ദുൽഖർ നായകനാകുന്ന കിംഗ് ഓഫ് കൊത്ത സമാനതകളില്ലാത്ത കാഴ്ചാനുഭൂതി സിനിമാ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പി ആർ ഓ – പ്രതീഷ് ശേഖർ.