കഴിഞ്ഞ ദിവസമാണ് കനിഹയും പ്രതാപ് പോത്തനും ടിനി ടോമും പ്രധാന വേഷങ്ങളിലഭിനയിച്ച ‘പെര്‍ഫ്യൂമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ചിത്രം സംവിധാനം ചെയ്തത് ഹരിദാസാണ്. മോത്തി ജേക്കബ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നഗരജീവിതത്തിലെ സ്ത്രീകളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചാണ് സിനിമ പറയുന്നത്.
എന്നാല്‍ സിനിമയെടുക്കാനിറങ്ങിയപ്പോള് അത് ഇങ്ങനെയൊരു ദുരന്തം ആയിരിക്കുമെന്ന് നിര്‍മ്മാതാവ് മോത്തി ജേക്കബ് ഒരിക്കലും ചിന്തിച്ചു കാണില്ല. ആരംഭത്തില്‍ പലരും പറഞ്ഞു വിശ്വസിപ്പിച്ച ബജറ്റിന്റെ എല്ലാ പരിധികളും കടന്ന് ഷൂട്ടിങ് പുരോഗമിച്ചപ്പോള്‍, ഏകദേശം ഒന്നേകാല്‍ കോടിയിലധികം വില വരുന്ന തന്റെ വീട് പലിശക്കാരന്റെ നിര്‍ബന്ധത്തിന് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നു. കടം കഴിച്ച് ബാക്കിയുള്ള അധികതുക കണക്കുപറഞ്ഞ് വാങ്ങാന്‍ പോലും മാനസികമായി തളര്‍ന്നുപോയ അദ്ദേഹത്തിന് സാധിച്ചില്ല. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം ഇന്ന് വെള്ളിമാടുകുന്ന് ഉള്ള ഒരു ചെറിയ വാടക വീട്ടിലാണ് കഴിയുന്നത്.
‘ഏകദേശം രണ്ട് ദിവസത്തോളം മാത്രം ഷൂട്ടിങ് ബാക്കിയുള്ളപ്പോള്‍ സെറ്റിലെ എല്ലാവര്ക്കും ഭക്ഷണം വാങ്ങാനുള്ള പണം പോലും മോത്തി സാറിന്റെ കയ്യില്‍ ഉണ്ടായിരുന്നില്ല . അതോടെ ഷൂട്ടിങ് നിര്‍ത്തിവയ്ക്കുമെന്ന അവസ്ഥയായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അദ്ദേഹം തന്റെ വീട്ടിലെത്തി, കരഞ്ഞുകൊണ്ട് ഭാര്യയുടെ കാലിലെ പാദസരത്തിനായ് കെഞ്ചി. അത് വിറ്റുകിട്ടിയ പണം കൊണ്ട് എല്ലാവര്ക്കും പാരഗണില് നിന്ന് ബിരിയാണി വാങ്ങി കൊടുത്തു. പാരഗണിന്റെ മുന്നിലുള്ള ഒരു തട്ടുകടയില്‍ നിന്ന് വെറും ഒരു ഗ്ലാസ് ചായയും വടയും മാത്രമാണ് ഞാനും അദ്ദേഹവും അന്ന് കഴിച്ചത്.’- ഷൂട്ടിങ്ങിന്റെ അവസാന ദിവസങ്ങളിലെ അനുഭവങ്ങള്‍ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ശരത് വേദനയോടെ ഓര്‍ക്കുന്നു.
ഒരു ചെറിയ സീന്‍ കൂടി ഷൂട്ട് ചെയ്താല്‍ പൂര്‍ത്തിയാകുമായിരുന്ന സിനിമ പണമില്ലാത്തതിനാല്‍ കോവിഡിന്റെ വറുതി കാലത്തിന് മുന്‍പേ പെട്ടിയിലായി. എന്നാല്‍ മോത്തി ജേക്കബ് എന്ന മനുഷ്യന്റെ പ്രാര്‍ത്ഥനകളില്‍ എവിടെയോ തെളിഞ്ഞു വന്ന ദൈവസാന്നിധ്യം സിനിമയെ വീണ്ടും അഭ്രപാളികളില്‍ എത്തിക്കുകയാണ്.
സിനിമയുടെ ഗാന സംവിധായകന് കൂടിയായ രാജേഷ് ബാബു, പിന്നണി ഗായകനായ സുനില്‍കുമാര്‍ , എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയ ശരത് എന്നീ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു ദിവസത്തെ ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തിയാക്കി സിനിമ ഇറക്കാമെന്ന് തീരുമാനിക്കുകയും അതോടൊപ്പം ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ വേണ്ട എല്ലാ സഹായ സഹകരണങ്ങളും നല്‍കാമെന്ന് പ്രതാപ് പോത്തനും, ടിനി ടോമും, ദേവി അജിത്തും പ്രവീണയും സമ്മതിക്കുകയും ചെയ്തതോടെ പെര്‍ഫ്യൂം എന്ന സിനിമ യാഥാര്‍ഥ്യമായി. ചായം തേച്ച മുഖങ്ങള്‍ക്കിടയില്‍ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളായിരുന്നു അത്. കൂടാതെ സംവിധായകനായ ഹരിദാസ്, ക്യാമറ കൈകാര്യം ചെയ്ത സജാദ് മേനോന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ആയ ഷാജി പട്ടിക്കര എന്നിവരുടെയും നിസ്സീമമായ സഹകരണം ചിത്രത്തിനു ലഭിച്ചു.
സിനിമയുടെ മായക്കാഴ്ചകളില്‍ കുടുങ്ങി, പലരുടെയും വാക്കുകള്‍ വിശ്വസിച്ച് എടുത്തുചാടി സ്വന്തം ജീവിതം തന്നെയും നഷ്ടപ്പെട്ടുപോകുന്ന ഇടത്തരം നിര്‍മ്മാതാക്കളുടെ ഒരു പ്രതീകം കൂടിയാണ് മോത്തി ജേക്കബ് എന്ന മനുഷ്യന്. ഇന്ന് തുച്ഛമായ ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിതം കരുപ്പിടിപ്പിക്കാന്‍ ബന്ധപ്പെടുന്ന അദ്ദേഹത്തിന്റെ ആത്മസാക്ഷാത്കാരം കൂടിയാണ് ഈ സിനിമയുടെ റിലീസിങ്.
ഒരു നിര്‍മ്മാതാവ് സിനിമ ചെയ്യുമ്പോള്‍ ഏകദേശം 150 ഓളം വരുന്ന ആര്‍ട്ടിസ്റ്റുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിതമാണ് കഴിയുന്നത് എന്ന സത്യം നാം വിസ്മരിച്ചു കൂടാ. അതുകൊണ്ടുതന്നെ ഒരു സിനിമ പൂര്‍ത്തിയാക്കി വിജയത്തിലെത്തിക്കാനുളള കടമ ഒരു നിര്‍മ്മാതാവിന് മാത്രമല്ല,അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വം കൂടിയാണ്. ഇതിലെ നടന്മാര് അടക്കമുള്ളവര്‍ നല്കിയ അത്തരത്തിലുള്ള ഒരു പിന്തുണ കൊണ്ട് മാത്രമാണ് ഇന്നീ ചിത്രത്തിന് പുറത്തിറങ്ങാന്‍ സാധിച്ചത്.
മോത്തി ജേക്കബ് പ്രൊഡക്ഷന്സിന്റെയും നന്ദന മുദ്ര ഫിലിംസിന്റെയും ബാനറില്‍ ഒടിടി പ്ലാറ്റ്ഫോമില്‍ ഉടന്‍ ഇറങ്ങാനിരിക്കുന്ന ഈ സിനിമയില്‍ മലയാള ശ്രീകുമാരന്‍തമ്പിയും പുതുമുഖ ഗാനരചയിതാക്കള്‍ ആയ സുധീ, അഡ്വ. ശ്രീരഞ്ജിനി, സുജിത്ത് കാറ്റോട് എന്നിവരും ഗാനരചന നിര്‍വഹിച്ചിരിക്കുന്നു.
രാജേഷ് ബാബുവിന്റെ ഗാനസംവിധാനത്തില്‍ കെ എസ് ചിത്ര, മധുശ്രീ നാരായണന്, പി.കെ. സുനില്‍കുമാര്‍, രഞ്ജിനി ജോസ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. ഈ സിനിമയിലെ നീലവാനം താലമേന്തി എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്.