പ്രശസ്ത താരം ടിനി ടോം, നടി കനിഹ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് പെർഫ്യൂം. ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ അവളുടെ സുഗന്ധം എന്നാണ്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം പതിനെട്ടിനാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഫാമിലി ത്രില്ലർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. വലിയ വരവേൽപ്പ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ടീസറിന് ശേഷം പുറത്തു വന്ന വീഡിയോ ഗാനമായ ശരിയേത്, തെറ്റേത് എന്ന ഗാനവും വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു. കനിഹയും ടിനി ടോമുമാണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശ്രീകുമാരൻ തമ്പി വരികൾ രചിച്ച ഈ ഗാനം ആലപിച്ചത് മധുശ്രീ നാരായണനും ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാടുമാണ്.
ചിത്രത്തിൽ അന്തരിച്ചു പോയ പ്രതാപ് പോത്തൻ, ദേവി അജിത് എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു. കെ പി സുനിൽ ആണ് ഇതിന്റെ രചന. മോത്തി ജേക്കബ് എന്ന നിർമ്മാതാവ് മോത്തി ജേക്കബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച പെർഫ്യൂം സംവിധാനം ചെയ്തിരിക്കുന്നത് ഹരിദാസ് ആണ്. സജിത് മേനോൻ ദൃശ്യങ്ങളൊരുക്കിയ പെർഫ്യൂം എഡിറ്റ് ചെയ്തിരിക്കുന്നത് അമൃത ലൂക്കയാണ്.