അശോകന്റെയും ശ്യാമയുടെയും മനസ്സിൽ പെയ്തിറങ്ങിയ ഒരു നിലാവുണ്ട്. ശ്രീഹരിയും, ഹരിനാരായണനും, ഹരിശങ്കറും ചേർന്ന് തീർത്ത സുഖമുള്ള നിലാവ്. ഉണ്ണിമായയെ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷക മനസ്സുകളിൽ അത് പെയ്തിറങ്ങുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം പുറത്തിറങ്ങി. ഹരി നാരായണന്റെ വരികൾക്ക് ശ്രീഹരി കെ നായർ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കറാണ്. ഗാനത്തിന്റെ മനോഹാരിതക്കൊപ്പം തന്നെ സജദ് കാക്കുവിന്റെ ഛായാഗ്രഹണവും ഗാനത്തിന് കൂടുതൽ അഴകേകുന്നു.
വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ഗ്രിഗറിയും നിർമ്മിക്കുന്ന സസ്പെൻസ് നിറഞ്ഞ ചിത്രത്തിൽ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്നു. ഷംസു സായ്ബാ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗ്രിഗറിയും അനുപമ പരമേശ്വരനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.