മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം മികച്ച പ്രതികരണവുമായി തീയറ്ററുകളില്‍ വിജയപ്രദര്‍ശനം തുടരുകയാണ്. മമ്മൂട്ടിയുടെ പ്രകടനവും ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിംഗുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള മമ്മൂട്ടിയുടെ ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്. പഴനിയില്‍ ഷൂട്ടിംഗിനിടെ തറയില്‍ കിടന്ന് മയങ്ങുന്ന മമ്മൂട്ടിയാണ് ചിത്രത്തില്‍. മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജാണ് ചിത്രം പകര്‍ത്തിയത്.
ഐഎഫ്എഫ്കെയില് നടത്തിയ പ്രീമിയര്‍ ഷോയില്‍ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഐഎഫ്എഫ്കെയില് ചിത്രത്തിന് ടിക്കറ്റ് കിട്ടാതെ പ്രേക്ഷകര്‍ വലഞ്ഞിരുന്നു. തുടര്‍ന്ന് ജനുവരി പത്തൊന്പതിന് ചിത്രം പ്രേക്ഷകരിലേക്കെത്തി. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മമ്മൂട്ടി അവതരിപ്പിക്കുന്ന ജെയിംസ് എന്ന കഥാപാത്രം അഭിനയത്തിന്റെ വിസ്മയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് തീര്‍ത്തും വേറിട്ട ഒരു ചലച്ചിത്ര അനുഭവമാണ് സമ്മാനിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം തീയറ്ററിലെത്തിച്ചിരിക്കുന്നത്. ട്രൂത്ത് ഫിലിംസാണ് ഓവര്‍സീസ് റിലീസ് നടത്തുന്നത്. രമ്യാ പാണ്ട്യന്, അശോകന്, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതന്‍ ജയലാല്‍, അശ്വന്ത് അശോക് കുമാര്‍, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിങ് ദീപു എസ് ജോസഫ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയത് എസ്. ഹരീഷാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്, അനൂപ് സുന്ദരന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.