ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ അന്വേഷണസംഘം. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറത്തിറക്കി ഇയാളുടെ ഒളിസങ്കേതം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിനായി അന്വേഷണ സംഘം ആഭ്യന്തരമന്ത്രാലയത്തെ സമീപിച്ചു.
ബ്ലൂ കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചാല്‍ വിജയ് ബാബു ഏത് രാജ്യത്താണെന്നും അവിടെ എവിടെയാണ് കഴിയുന്നതെന്നും കണ്ടെത്താന്‍ കഴിയും. കേസിന്റെ തീവ്രതയനുസരിച്ച് വേണമെങ്കില്‍ വിദേശത്തുവച്ച് അവിടത്തെ പൊലീസിന് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും. അതിനിടെ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുരിച്ചും വിശദമായ അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന സംഘമാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
തിങ്കളാഴ്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയില്‍ അയച്ചിരുന്നു. എന്നാല്‍ പത്തൊന്പതിന് ഹാജരാകാമെന്നാണ് വിജയ് ബാബു അറിയിച്ചത്. ഇത് അന്വേഷണ സംഘം തള്ളി. വിജയ് ബാബുവിനെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.