കമല്‍ഹാസന്റെ പുതിയ സിനിമ വിക്രമിലെ പാട്ടിനെതിരെ പൊലീസില്‍ പരാതി. കമല്ഹാസന് എഴുതി പാടിയ പാട്ടിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. പാട്ടില്‍ കേന്ദ്രസര്‍ക്കാരിനെ അപമാനിക്കുന്നു എന്നതാണ് പ്രധാന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് പരാതി ലഭിച്ചിരിക്കുന്നത്.
തമിഴ് കുത്തുപാട്ടുകളുടെ ശൈലിയില്‍ കേന്ദ്രസര്‍ക്കരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതാണ് വിക്രമിലെ പാട്ട്. ഖജനാവില്‍ പണമില്ലെന്നും രോഗങ്ങള്‍ പടരുകയാണെന്നും പാട്ടില്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ തമിഴര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും താക്കോല്‍ കള്ളന്റെ കയ്യിലാണെന്നും പറയുന്നു. ചെന്നൈയുടെ സംസാരഭാഷയിലുള്ള പാട്ട് ഇതിനോടകം രാഷ്ട്രീയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രം. ജൂണ്‍ മൂന്നിനാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. കമല്ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.