തെന്നിന്ത്യൻ താരം സായി പല്ലവിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് ഹൈദരാബാദിലെ സുൽത്താൻ ബസാർ പൊലീസ്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേരിൽ നടത്തുന്ന ആൾക്കൂട്ട കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്ന പ്രസ്താവനയിലാണ് കേസ്. പുതിയ ചിത്രമായ വിരാടപർവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സായി പല്ലവി.
താൻ വളർന്നത് ഏതെങ്കിലും ഒരു പ്രസ്ഥാനത്തോട് രാഷ്ട്രീയമായി ചാഞ്ഞു നിൽക്കുന്ന കുടുംബത്തിൽ അല്ലെന്ന് സായി പല്ലവി വ്യക്തമാക്കി. ഇടത് – വലത് എന്ന കേട്ടിട്ടുണ്ടെന്നും ഏതാണ് ശരിയെന്ന് അറിയില്ലെന്നും സായി പല്ലവി പറഞ്ഞു. ‘കശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്തത് കാണിച്ചിട്ടുണ്ട്. പശുവിന്റെ പേരിൽ ഒരു മുസ്ലിമിനെ ചിലർ കൊലപ്പെടുത്തിയതും അടുത്തിടെ സംഭവിച്ചു. ഇത് രണ്ടും തമ്മിൽ വലിയ വ്യത്യാസമില്ല’ – സായി പല്ലവി പറഞ്ഞു.
താരത്തിന്റെ ഈ പരാമർശത്തിന് എതിരെ വ്യാപകമായ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ നടന്നത്. നടിയുടെ സിനിമകൾ ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ട് ‘ബോയ്ക്കോട്ട് സായ് പല്ലവി’ എന്ന ഹാഷ് ടാഗോടെ ട്വിറ്ററിൽ വിദ്വേഷ പ്രചാരണവും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുൽത്താൻബസാർ പൊലീസ് നടിക്കെതിരെ കേസ് എടുത്തത്. വിരാടപർവ്വത്തിൽ വെണ്ണല എന്ന കഥാപാത്രമായാണ് സായി പല്ലവി അഭിനയിക്കുന്നത്. റാണ ദഗുബട്ടിയാണ് ചിത്രത്തിലെ നായകൻ.