വാഗമണ്ണില്‍ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡില്‍ പങ്കെടുത്ത നടന് ജോജു ജോര്‍ജിനെതിരെ കേസെടുത്തു. ജോജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു കളക്ടര്‍ക്കും പൊലീസിനും അടക്കം പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വാഹനത്തിന്റെ ഉടമയ്ക്കും റൈഡിന്റെ സംഘാടകര്‍ക്കും കാണാനെത്തിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘാടകര്‍ക്കും നടനുമെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.
കഴിഞ്ഞ ദിവസമാണ് വാഗമണ്‍ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയില തോട്ടത്തില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചത്. സുരക്ഷ സംവിധാനങ്ങളില്ലാതെ അപകടകരമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു ടോണി തോമസ് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.