വിക്രം കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്വന്. ഐശ്വര്യ റായി, തൃഷ, ജയംരവി, ജയറാം, ശരത് കുമാര്‍, കാര്‍ത്തി തുടങ്ങി വന്‍താരനിര ചിത്രത്തില്‍ അണിനിരന്നു. തമിഴില്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു പൊന്നിയിന്‍ സെല്വന്. ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്വന് 2 മലയാളം പതിപ്പിന്റെ വിതരണാവകാശം ഏറ്റെടുക്കാന്‍ ആളില്ല എന്നാണ് റിപ്പോര്‍ട്ട്.
പൊന്നിയന്‍ സെല്വന് രണ്ടാം ഭാഗത്തിനായി വലിയ തുകയാണ് വിതരണക്കാര്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. ഇത് നല്കാന് അണിയറക്കാര്‍ തയ്യാറാകുന്നില്ല. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും വിതരണക്കാരെ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നതായാണ് വിവരം. പൊന്നിയിന്‍ സെല്വന് ആദ്യ ഭാഗം തീയറ്ററുകളില്‍ മോശം പ്രകടനം കാഴ്ചവച്ചതോടെയാണിതെന്നും റിപ്പോര്‍ട്ടുണ്ട്.
കല്‍ക്കിയുടെ രചനയെ ആസ്പദമാക്കി മണിരത്നമാണ് പൊന്നിയിന്‍ സെല്വന് ഒരുക്കിയത്. റിലീസ് ദിവസം 125 കോടി രൂപയാണ് ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം കളക്ട് ചെയ്തത്.
കൂടാതെ ലോകമെമ്പാടും ചിത്രം 500 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. എ ആര് റഹ്മാന് ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രവി വര്മ്മന് ഛായാഗ്രഹണവും നിര്‍വഹിച്ചു. ഏപ്രില്‍ 28ന് ചിത്രം പൊന്നിയിന്‍ സെല്വന് രണ്ടാം ഭാഗം തീയറ്ററുകളില്‍ എത്തും.