യുവനായകൻ ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രമാണ് ഷെഫീഖിന്റെ സന്തോഷം. ചിത്രത്തിലെ പൊൻപുലരികൾ പോരുന്നേ എന്ന ഗാനം വീഡിയോ റിലീസ് ആയി. മണിക്കൂറുകൾക്ക് മുമ്പ് റിലീസ് ആയ ഗാനം കാൽ ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടിരിക്കുന്നത്. നവംബർ 25ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ഹിറ്റ് ചിത്രം മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാണ് “ഷെഫീക്കിന്റെ സന്തോഷം”.
നവാഗതനായ അനൂപ് പന്തളമാണ്, ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന “ഷെഫീക്കിന്റെ സന്തോഷം” സംവിധാനം ചെയ്യുന്നത്. പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ തന്റെ അച്ഛൻ അഭിനയിക്കുന്നുവെന്ന് മുൻപ് ഉണ്ണി മുകുന്ദൻ അറിയിച്ചിരുന്നു.
മനോജ് കെ ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്മിനു സിജോ, അനീഷ് രവി, അരുൺ ശങ്കരൻ പാവുമ്പ, ബോബൻ സാമുവൽ, അസിസ് നെടുമങ്ങാട്, ജോർഡി പൂഞ്ഞാർ , ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഷാൻ റഹ്മാന് ആണ് സംഗീത സംവിധാനം. എൽദോ ഐസക് ഛായാഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു.