പല പെരുന്നാളുകളും മലയാളികൾ ആഘോഷിച്ചിട്ടുള്ളത് ജോഷി ചിത്രങ്ങൾക്കൊപ്പം തീയറ്ററുകളിലാണ്. പല ചിത്രങ്ങളും തീയറ്ററുകളിലും തീർത്തിട്ടുള്ളത് പെരുന്നാളിന്റെ പ്രതീതിയുമാണ്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ജോഷി എന്ന ഹിറ്റ് മേക്കർ വീണ്ടും സംവിധാന രംഗത്തേക്ക് എത്തിയപ്പോൾ പ്രേക്ഷകർ സ്ക്രീനിൽ കണ്ടതും ഒരു പെരുന്നാളാണ്. എല്ലാ ആഘോഷങ്ങളും നിറഞ്ഞൊരു കളർഫുൾ പെരുന്നാൾ. സൂപ്പർതാരങ്ങൾ മാത്രമല്ല ഒരു പടത്തിന്റെ വിജയരഹസ്യം എന്ന് തെളിയിച്ച് പൊറിഞ്ചു മറിയം ജോസ് തീയറ്ററുകളിൽ എത്തിയപ്പോൾ ജോഷി എന്ന സംവിധായകന്റെ ക്രാഫ്റ്റ്സ്മാൻഷിപ്പ് പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ജയൻ മുതൽ ജോജു വരെ തലമുറകളുടെ സംവിധായകനായി നില നിൽക്കുമ്പോഴും പ്രേക്ഷകന്റെ പൾസറിയുന്ന പകരം വെക്കാനില്ലാത്ത ഒരു സംവിധായകൻ തന്നെയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജോഷി വീണ്ടും.
![Porinchu Mariam Jose Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/08/Porinchu-Mariam-Jose-Malayalam-Movie-Review-2.jpg?resize=788%2C360&ssl=1)
അറുപതുകളിലെ തൃശൂരിലെ ഗ്രാമപ്രദേശം കാണിച്ചുകൊണ്ടാണ് സിനിമയുടെ ആരംഭം. പൊറിഞ്ചു, ജോസ്, മറിയം എന്നീ മൂന്ന് കഥാപാത്രങ്ങളുടെ ചെറുപ്പകാലത്തിലൂടെയാണ് തുടക്കം. കുടുംബമഹിമയുടെ പേരിൽ വിദ്യാലയങ്ങളിൽ പോലും കുട്ടികളെ തരംതിരിച്ച് കാണുന്ന കാലം. അത്തരത്തിലൊരു വിദ്യാലയത്തിലെ ഉറ്റസുഹൃത്തുക്കളാണ് ഇവർ മൂവരും. പക്ഷേ സ്കൂളിൽ നടക്കുന്ന ഒരു സംഭവം കാരണം പൊറിഞ്ചുവും ജോസും പഠനം ഉപേക്ഷിക്കുന്നു. പിന്നീട് എൺപതുകളിലേക്ക് കഥയെത്തുമ്പോൾ പ്രേക്ഷകർ കാണുന്നത് തനി ചട്ടമ്പിയായ കാട്ടാളൻ പൊറിഞ്ചുവിനേയും എന്തിനും ഏതിനും കൂടെയുള്ള ഡിസ്കോ ഡാൻസർ ജോസിനെയുമാണ്. ഒപ്പം ഏഴഴകിന്റെ പൂർണതയുമായി അമ്പിളി പോലെ ഉദിച്ചു നിൽക്കുന്ന ആലപ്പാട്ട് മറിയത്തെയും. ഒരു പെരുന്നാളിനിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളും അവയൊക്കെ പൊറിഞ്ചുവിന്റേയും ജോസിന്റേയും മറിയയുടെയും ജീവിതത്തിൽ വരുത്തുന്ന ചില മാറ്റങ്ങളുമായിട്ടാണ് കഥ മുന്നോട്ട് പോവുന്നത്. ആക്ഷനും സൗഹൃദവും പ്രണയവുമൊക്കെ സമാസമം അതിനാടകീയതയില്ലാതെ കോര്ത്തിണക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
![Porinchu Mariam Jose Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/08/Porinchu-Mariam-Jose-Malayalam-Movie-Review-1.jpg?resize=788%2C358&ssl=1)
കാടിറങ്ങി വന്ന ഒറ്റക്കൊമ്പന്റെ ശൗര്യം നിറഞ്ഞ കാട്ടാളൻ പൊറിഞ്ചുവിനെ എന്നും ഹൃദയത്തിൽ പ്രണയം സൂക്ഷിക്കുന്നവനായും പകയും കണ്ണീരും പ്രണയവും സൗഹൃദവും നീറ്റുന്ന പച്ചയായ ഒറ്റയാനുമായി പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ച ജോജുവിന് തന്നെയാണ് എല്ലാ കൈയ്യടികളും. വൈകിയെത്തിയ വസന്തമല്ല ജോജു ജോർജ്, മറിച്ച് ഇന്നത്തെ ഒരു കാലത്തിനായി അറിയാതെ മാറ്റിവെക്കപ്പെട്ടിരുന്ന ഒരു പ്രതിഭയാണ് അദ്ദേഹം. പട്ടയുടെ ലഹരിയും സംഗീതത്തിന്റെ ഉന്മാദവും കൊണ്ട് അഴിഞ്ഞാടുന്ന പുത്തൻപള്ളി ജോസായി ചെമ്പൻ ജോസിനെ കണ്ടിറങ്ങുന്ന പ്രേക്ഷകർക്ക് ആ റോളിൽ മറ്റൊരാളെ പ്രതീക്ഷിക്കാനാകില്ല. അമ്പ് മുത്തി ജോസിനൊപ്പം ചുവട് വയ്ക്കുന്ന പെണ്ണുറപ്പിന്റെ മറിയമായി നൈല ഉഷയുടെ സ്ഥാനത്തും മറ്റൊരാളെ സങ്കൽപ്പിക്കുവാനാകില്ല. മറ്റുള്ള ഓരോ കഥാപാത്രത്തെ എടുത്തു നോക്കിയാലും കാസ്റ്റിംഗിലെ ഒരു മികവ് തന്നെയാണ് പ്രേക്ഷകർക്ക് മനസ്സിലാകുന്നത്. ഒരൊറ്റ കഥാപാത്രത്തിന്റെ കാര്യത്തിലും മറുത്തൊന്നും പറയാനാകില്ലാത്ത വിധം പൂർണത. അതിനെല്ലാം ഒപ്പം ഒരു കഥാപാത്രം പോൽ നിറഞ്ഞു നിൽക്കുന്ന പെരുന്നാളും.
![Porinchu Mariam Jose Malayalam Movie Review](https://i0.wp.com/cinemadaddy.com/wp-content/uploads/2019/08/Porinchu-Mariam-Jose-Malayalam-Movie-Review-3.jpg?resize=788%2C358&ssl=1)
ആത്മാവുള്ള കഥാപാത്രങ്ങളെയും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന തിരക്കഥയും ഒരുക്കിയ അഭിലാഷ് N ചന്ദ്രന് പ്രത്യേക അഭിനന്ദനം. അജയ് ഡേവിഡിന്റെ മനം മയക്കുന്ന ക്യാമറ വർക്കിനൊപ്പം ജേക്സ് ബിജോയിയുടെ സംഗീതം കൂടി ചേർന്നപ്പോൾ പെരുന്നാൾ ആഘോഷം ഈ തൃശൂർ ഗഡികൾ കളറാക്കി. പകയുടെ ചോരയും പ്രണയത്തിന്റെ വർണങ്ങളും നിറഞ്ഞ പൊറിഞ്ചു മറിയം ജോസ് ഒരു അനുഭവം തന്നെയാണ്… ഒരു പെരുന്നാൾ കൂടിയ അനുഭവം.