തൻ്റെ ജന്മദിനത്തിൽ പ്രേക്ഷകർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് മലയാളികളുടെ പ്രിയ യുവനായകൻ പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിൻ്റെ വിവരങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്. ഹൃദയത്തിന് ശേഷം അതേ ടീം ഒന്നിക്കുന്ന ചിത്രത്തിന് ‘വർഷങ്ങൾക്കു ശേഷം’ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവർക്കൊപ്പം നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.