ലക്ഷദ്വീപിനോട് മലയാളികൾക്ക് എന്നുമൊരു പ്രണയമാണ്. അതോടൊപ്പം മലയാളികൾക്ക് പ്രണയത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച കമൽ എന്ന സംവിധായകൻ കൂടി ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ദൃശ്യാനുഭവവുമായി കരയ്ക്കെത്തിയ പ്രണയത്തിന്റെ ഒരു കപ്പൽ തന്നെയാണ്. ഏറെ ശ്രദ്ധ നേടിയ ആമിക്ക് ശേഷം യുവാക്കളുടെ പ്രണയം പശ്ചാത്തലം ആക്കിയാണ് കമൽ ഇത്തവണ എത്തുന്നത്. പേരിൽ തന്നെയുള്ള ഒരു സൗന്ദര്യമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. കടൽ എന്നും സിനിമ പ്രേമികളുടെ ഇഷ്ട വിഷയമാണ്. ഇളം നീല നിറത്തിൽ ഫ്രെയിമുകളിൽ നിറയുന്ന പരന്ന കടലും വെളുത്ത പഞ്ചാര മണലും വെള്ളിത്തിരയിൽ നിറയുമ്പോൾ പ്രേക്ഷകർ എന്നും ഹാപ്പിയാണ്. ലക്ഷദ്വീപിന്റെ ദൃശ്യ ഭംഗിയിൽ കഥ പറയുകയാണ് പ്രണയമീനുകളുടെ കടൽ എന്ന പ്രണയ കഥ.
ബേപ്പൂരിൽ നിന്നും അജ്മൽ എന്ന യുവാവ് ദാമോധരനൊപ്പം കവരത്തിയിൽ ഒരു ഉരു നന്നാക്കുവാൻ എത്തുന്നിടത്താണ് കഥയുടെ തുടക്കം. അജ്മൽ അവിടെ വെച്ച് ദ്വീപിലെ ഏറ്റവും സുന്ദരിയായ ജാസ്മിൻ എന്ന പെൺകുട്ടിയുമായി പ്രണയത്തിലാകുന്നു. അറക്കൽ എന്ന പേരുകേട്ട ഒരു കുടുംബത്തിലെ അംഗമാണ് ജാസ്മിൻ. അജ്മൽ ജാസ്മിൻ പ്രണയ ജോഡികളായി പുതുമുഖം ഗബ്രിയും തെന്നിന്ത്യൻ താരം ഋദ്ധിയും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ച വച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ ലക്ഷദ്വീപിലേക്ക് ഒരു ട്രിപ്പ് പോയ ഫീലാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. വിഷ്ണു പണിക്കർ എന്ന യുവ പ്രതിഭയുടെ ക്യാമറ കണ്ണുകൾ തെല്ലൊന്നുമല്ല പ്രേക്ഷകരെ ആനന്ദിപ്പിക്കുന്നത്. ഹൈദ്രു എന്ന തിമിഗലവേട്ടക്കാരനായി പ്രേക്ഷകരുടെ പ്രിയങ്കരനായ വിനായകൻ എത്തിയിട്ടുള്ളതും മികച്ചൊരു പ്രകടനവുമായിട്ടാണ്. അതാവശ്യം ഭയപ്പെടുത്തുന്ന രീതിയില് തന്നെയാണ് വിനായകന്റെ പ്രകടനം. കടലിനടിയിൽ വെച്ചുള്ള സീനുകളും അത്ഭുതപ്പെടുത്തുന്നവ തന്നെയാണ്.
ജോൺ പോളും കമലും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു പണിക്കരുടെ കാമറ വർക്കുകൾ കണ്ണുകൾക്ക് കുളിർമയേകുമ്പോൾ ഷാൻ റഹ്മാൻ ഒരുക്കിയ സംഗീതവും പ്രേക്ഷകരെ ഏറെ ആനന്ദിപ്പിക്കുന്നു. കഥയിൽ പുതുമ ഒന്നും തന്നെ അവകാശപ്പെടാനില്ലെങ്കിലും ലക്ഷദ്വീപിന്റെ മനോഹാരിതയിൽ മനോഹരമായൊരു പ്രണയം കാണുവാൻ കൊതിക്കുന്നവർക്കുള്ള ഒരു വിരുന്ന് തന്നെയാണ് പ്രണയമീനുകളുടെ കടൽ.