പെണ്ണിന്റെ സ്വപ്നങ്ങൾ അടിച്ചമർത്തപ്പെട്ട കാലം കടന്ന് പോയി എന്ന് തെളിയിക്കുന്ന കാഴ്ചകളാണ് ഇന്ന് ലോകമെമ്പാടും നമുക്ക് കാണുവാൻ സാധിക്കുന്നത്. അവർ നേടിയ വിദ്യാഭ്യാസം അവർക്ക് പകർന്നിരിക്കുന്നത് കരുത്താണ്. പ്രതികരിക്കാനും നേടിയെടുക്കാനുമുള്ള കരുത്ത്..! സ്ത്രീപക്ഷ സിനിമകളിൽ പറയുന്നതും അത്തരത്തിൽ ഒരു കരുത്താണ്. മഞ്ജു വാര്യരുടെ തിരിച്ചു വരവിന് കളമൊരുക്കിയ ഹൗ ഓൾഡ് ആർ യു എന്ന സ്ത്രീയുടെ കരുത്ത് തെളിയിച്ച ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസ് – മഞ്ജു വാര്യർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്ന ചിത്രമാണ് പ്രതി പൂവൻകോഴി. എന്നും എവിടെയും ഇപ്പോഴും പറയുവാൻ തക്ക പ്രസക്തിയുള്ള ഒരു കഥാതന്തുവാണ് ചിത്രത്തിന്റെ ശക്തി. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങളെ ഇത്ര കരുത്തോടെ ഈ അടുത്തൊന്നും സിനിമകളിൽ പറഞ്ഞു കേട്ടിട്ടില്ല.
കോട്ടയത്തെ ഒരു ടെക്സ്റ്റൈൽ ഷോപ്പിലെ തൂപ്പുകാരിയായ ഷീബ, ജീവനക്കാരികളായ റോസമ്മ, മാധുരി എന്നിവരുടെ ജീവിതങ്ങളിലൂടെയാണ് കഥ കടന്ന് പോകുന്നത്. ഇവരുടെ ജീവിതത്തിലേക്ക് ആന്റപ്പൻ, എസ് ഐ ശ്രീനാഥ്, ഗോപി എന്നിവരും കടന്ന് വരുന്നു. അത് അവരുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. തകർന്നു പോകാതെ, തളർന്നു വീഴാതെ അതിനെ അവർ നേരിടുന്ന മനസ് നിറഞ്ഞ് കൈയ്യടിപ്പിക്കുന്ന തുടർന്നുള്ള കാഴ്ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഹൗ ഓൾഡ് ആർ യുവിലെ നിരുപമയേക്കാൾ കൂടുതൽ മാർക്ക് സംവിധായകൻ തന്നെ നേരത്തെ മധുരയ്ക്ക് നൽകിയിട്ടുണ്ട്. അത് ശരി വെക്കുന്ന ഒരു പ്രകടനമാണ് മഞ്ജു വാര്യരും നടത്തിയിരിക്കുന്നത് എന്ന് ആ കഥാപാത്രത്തിന് ലഭിക്കുന്ന കൈയ്യടികൾ തന്നെ ഉറപ്പ് തരുന്നുണ്ട്. മഞ്ജു വാര്യരുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ അതിൽ ചേർത്ത് വെക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് മാധുരി. കരുത്തിന്റെ പര്യായമായി ഉറച്ച മനോബലത്തോടെയും ആത്മവിശ്വാസത്തോടെയുമുള്ള മാധുരിയിലേക്കുള്ള മഞ്ജുവിന്റെ പകർന്നാട്ടമാണ് പ്രേക്ഷകരേയും ഏറെ ആകർഷിച്ചത്.
മഞ്ജു വാര്യരിൽ നിന്നും പ്രതീക്ഷിച്ചതിലുമേറെ ലഭിച്ചപ്പോൾ ഞെട്ടിച്ചത് അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ പ്രകടനം തന്നെയാണ്. ആന്റപ്പൻ എന്ന കഥാപാത്രത്തെ അതിന്റെ എല്ലാ അർത്ഥത്തിലും പൂർണമാക്കുവാൻ റോഷൻ ആൻഡ്രൂസിന് സാധിച്ചിട്ടുണ്ട്. മുഖത്ത് നിറയുന്ന ആ ക്രൗര്യം തന്നെ മതി ആ കഥാപാത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ. കുമ്പളങ്ങി നൈറ്റ്സിന് ശേഷം മറ്റൊരു മനോഹര പ്രകടനവുമായി ഗ്രേസ് ആന്റണിയും കൈയ്യടികൾ നേടുന്നു. അനുശ്രീ, സൈജു കുറുപ്പ്, അലൻസിയർ എന്നിവരും മികച്ച പ്രകടനവുമായി പ്രതി പൂവൻകോഴിക്ക് പിന്നാലെയുള്ള ഓട്ടത്തിൽ കൂടെ നിന്നിട്ടുണ്ട്.
നായികാ – നായകൻ ചിത്രമല്ല എന്നതിനാൽ തന്നെ പ്രതി പൂവൻകോഴിയിൽ പ്രാധാന്യം എപ്പോഴും തിരക്കഥക്ക് തന്നെയാണ്. പറയേണ്ടതെല്ലാം ഒട്ടും മടി കൂടാതെ പറയേണ്ട രീതിയിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നത് തന്നെയാണ് തിരക്കഥയുടെ ബലം. ഉണ്ണി ആറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നൊരു ക്വാളിറ്റിയുണ്ട്. അത് അതിന്റെ മനോഹാരിതയിൽ തന്നെ അദ്ദേഹം കൈകാര്യവും ചെയ്തിട്ടുണ്ട്. ജി. ബാലമുരുകൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോപി സുന്ദറാണ്. രണ്ടും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. ശ്രീകർ പ്രസാദിന്റെ അനുഭവസമ്പത്തേറിയ എഡിറ്റിംഗും ചിത്രത്തെ കൂടുതൽ മികച്ചതാക്കി. അമ്മമാരും സഹോദരിമാരും പെൺമക്കളുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഈ ചിത്രം അവർക്കൊപ്പം എല്ലാ ‘പൂവൻകോഴി’കളും കൂടി കണ്ടിരിക്കേണ്ട ചിത്രമാണ്.