മലയാളസിനിമയിൽ തന്നെ പുതിയ ചരിത്രമെഴുതി മികച്ച സിനിമയായി മാറിയിരിക്കുകയാണ് പ്രേമലു. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ചിത്രം വെറും 12 ദിവസം കൊണ്ട് 50 കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇതോടെ അമ്പതു കോടി ക്ലബിൽ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനടനായി നെസ്ലിൻ മാറി. നെസ്ലിൻ, മമിത ബൈജു എന്നിവരെ നായകരാക്കി സംവിധായകൻ ഗിരീഷ് എ ഡി ഒരുക്കിയ ചിത്രം ആദ്യദിവസം തന്നെ മികച്ച അഭിപ്രായം സ്വന്തമാക്കി. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളുടെ സംവിധായകന്റെ ചിത്രം എന്ന പ്രീ റിലീസ് ഹൈപ്പോടെ ആയിരുന്നു പ്രേമലു എത്തിയത്. ഈ പ്രതീക്ഷ കാത്തുസൂക്ഷിച്ച ചിത്രം തിയറ്ററുകളിൽ ആളെ നിറയ്ക്കുകയും ചെയ്തു.
അതേസമയം, പ്രേമലുവിന്റെ യുകെ- യൂറോപ്പ് വിതരണാവകാശം ബോളിവുഡിലെ ഏറ്റവും വലിയ നിർമാണ – വിതരണ കമ്പനികളിൽ ഒന്നായ യഷ് രാജ് ഫിലിംസ് സ്വന്തമാക്കി. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ലക്ഷണമൊത്ത റൊമാന്റിക് കോമഡി ആണ് പ്രേമലു എന്നതാണ് യഷ് രാജ് ഫിലിംസിന്റെ ഈ തീരുമാനത്തിന് പിന്നിൽ. നെസ്ലിൻ, മമിത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ഒരു മുഴുനീള കോമഡി എന്റടയിനർ ആണ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചത്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവിന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ്. ചിത്രത്തിന്റെ ക്യാമറ: അജ്മൽ സാബു, എഡിറ്റിങ്: ആകാശ് ജോസഫ് വർഗീസ്, കലാ സംവിധാനം: വിനോദ് രവീന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻസ്: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: ജോളി ബാസ്റ്റിൻ, കൊറിയോഗ്രഫി: ശ്രീജിത്ത് ഡാൻസിറ്റി, പ്രൊഡക്ഷൻ കൺട്രോളർ: സേവ്യർ റിച്ചാർഡ് , വി എഫ് എക്സ്: എഗ് വൈറ്റ് വിഎഫ്എക്സ്, ഡി ഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: ബെന്നി കട്ടപ്പന, ജോസ് വിജയ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.