നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിനെയും വരൻ ശ്രേയസ് മോഹനെയും വിവാഹദിനത്തിൽ ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരൂവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിൽ ആയിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹച്ചടങ്ങ്. ഭാഗ്യയുടെ താലികെട്ട് ചടങ്ങിൽ പങ്കെടുച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തൊട്ടടുത്ത് വിവാഹം നടന്ന 10 വധൂവരൻമാക്കും ആശംസ അറിയിച്ചു. അക്ഷതം നൽകിയാണ് പ്രധാനമന്ത്രി വധൂവരൻമാരെ അനുഗ്രഹിച്ചത്.
ഭാഗ്യയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തതിനു ശേഷം പ്രധാനമന്ത്രി ഗുരുവായൂർ ശ്രീവത്സം റെസ്റ്റ് ഹൌസിലെത്തി. അവിടെ നിന്ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലേക്കാണ് അടുത്ത യാത്ര. ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു. ക്ഷേത്രത്തിൽ താമരമൊട്ടു കൊണ്ട് തുലാഭാരം നടത്തുകയും ചെയ്തു. പ്രധാനമന്ത്രിയുടെ സന്ദശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.
അതേസമയം, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവ കുടുംബസമേതം എത്തി. ജയറാം, ഖുശ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിരുന്നു. സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി 19ന് കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ എന്നിവർക്കായി 20ന് തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും. തിരുവനന്തപുരം ആസ്ഥാനമാക്കി ബിസിനസ്സ് നടത്തുന്ന മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് വരൻ ശ്രേയസ്സ് മോഹൻ. ഭാഗ്യയുടേയും സഹോദരൻ ഗോകുലിന്റെയും അടുത്ത സുഹൃത്തായിരുന്നു ശ്രേയസ്. ആ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തിയത്.