പൃഥ്വിരാജ് ലോകേഷ് കനകരാജിന്റെ സിനിമകളുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ട്രോളാകുകയും ലോകേഷ് അതിന് മറുപടി പറഞ്ഞതോടെ സംഭവം വാര്‍ത്തയാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പഠാനുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് നടത്തിയ ഒരു പ്രസ്താവന സത്യമായിരിക്കുകയാണ്. അതും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരിക്കുകയാണ്. ബോളിവുഡില്‍ ഒരു വലിയ ഹിറ്റ് സംഭവിക്കുമെന്നും അത് പഠാന് ആയേക്കുമെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. പൃഥ്വി പറഞ്ഞതുപോലെ പഠാന് വന്‍ വിജയത്തിലേക്കാണ് കുതിക്കുന്നത്.
ഹിന്ദി സിനിമാ വ്യവസായത്തെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് പൃഥ്വിരാജ് പഠാനെക്കുറിച്ച് പറഞ്ഞത്. ഫിലിം കമ്പാനിയന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. ഒരു കാലത്ത് ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തങ്ങള്‍ ബോളിവുഡ് സിനിമകളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും എങ്ങനെയാണ് അവര്‍ ഇത്രയും വലിയ വിജയങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചര്‍ച്ച ചെയ്തിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു. അക്കാലം ഒരുപാട് പിന്നിലല്ല. ബോളിവുഡ് ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു ഘട്ടമാണ്. ഒരു വലിയ ഹിറ്റ് സംഭവിക്കുമെന്നും ചിലപ്പോള്‍ അത് പഠാന് ആയേക്കാമെന്നു പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു.
റിപ്പബ്ലിക് റിലീസായി എത്തിയ പഠാന് രണ്ട് ദിവസം കൊണ്ട് 200 കോടിയിലേറെ കളക്ഷനാണ് സ്വന്തമാക്കിയത്. ആദ്യ ദിനം തന്നെ ചിത്രം നൂറ് കോടി കളക്ട് ചെയ്തിരുന്നു. നാല് വര്‍ഷത്തിന് ശേഷമാണ് ഒരു ഷാരൂഖ് ചിത്രം തീയറ്ററുകളില്‍ എത്തുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തിലെ വില്ലന്‍.