പിറന്നാൾ ദിനത്തിൽ പൃഥ്വിരാജിന് കിടിലൻ സമ്മാനവുമായി സലാർ ടീം. പൃഥ്വിരാജിന്റെ കാരക്ടർ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് സമ്മാനമായി നൽകിയത്. പൃഥ്വിരാജും തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചു. കെ ജി എഫ് ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് സലാർ. പ്രഭാസ് ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
സിനിമയിൽ വരദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. മുഖത്ത് മുറിപ്പാടുകളോടെയുള്ള പരുക്കൻ ലുക്കിലാണ് പൃഥ്വിരാജ്. മൂക്കു കുത്തി, കഴുത്തിൽ കട്ടിയുള്ള പ്രത്യേക ആഭരണം എന്നിവ ധരിച്ചിട്ടുണ്ട്.
പോസ്റ്റർ വന്നതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായിട്ടാണോ എത്തുന്നത് എന്നാണ് ആരാധകർ ചോദി്ക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് സലാറിന്റെ നിർമാണം. കെ.ജി.എഫിലൂടെ ശ്രദ്ധേയനായ രവി ബസ്രുർ സംഗീത സംവിധാനം നിർവഹിക്കുന്നു. അൻബറിവാണ് സംഘട്ടനസംവിധാനം.
View this post on Instagram