പൃഥ്വിരാജിനൊപ്പമുള്ള പഴയകാല ഓർമ്മകൾ പങ്കുവച്ച് ഉണ്ണിമുകുന്ദൻ. ഇരുവരും ഒന്നിക്കുന്ന ഭ്രമം സിനിമയുടെ ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രത്തോടൊപ്പമാണ് താരം പൂര്‍വകാല അനുഭവം പറഞ്ഞത്.
‘ഭ്രമത്തിൽ ജോയിൻ ചെയ്തു, ഞാൻ ഓർക്കുന്നത് ശരിയാണെങ്കിൽ ഇത് പൃഥ്വിക്കൊപ്പമുള്ള എന്റെ ഒരേയൊരു ചിത്രമായിരിക്കും.‘വർഷങ്ങൾക്കുമുമ്പ്, ഞാൻ അഭിനയിക്കാൻ തുടങ്ങിയ സമയത്ത്, ഒരു ക്രിക്കറ്റ് മത്സരത്തിന് ശേഷം ടീം അംഗങ്ങളായ ഞങ്ങൾക്ക് ഒരു ചെറിയ ഒത്തുചേരൽ ഉണ്ടായിരുന്നു. ഞാൻ ഒരു ഓട്ടോറിക്ഷയിലാണ് അവിടെ എത്തിച്ചേർന്നത്. എല്ലാവരും രാത്രിയിൽ തിരിച്ചു പോകുമ്പോൾ, പൃഥ്വി മാത്രമാണ് എനിക്ക് വീട്ടിലേക്ക് ലിഫ്റ്റ് വേണോ എന്ന് ചോദിച്ചത്. ഒരു ജെന്റിൽമാൻസ് ഗെസ്ചർ എന്ന നിലയിൽ ഞാൻ അത് സന്തോഷപൂർവ്വം നിരസിച്ചു, പക്ഷേ വളരെ സന്തോഷത്തോടെ നടന്നുപോയി! നിങ്ങൾ ഇപ്പോഴും അങ്ങനെ തന്നെ! അത്രക്കും പോസിറ്റീവും സഹായമനസ്കനുമാണ്.’
ഉണ്ണി കുറിച്ചുപൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ഭ്രമം. നേരത്തെ പതിനെട്ടാം പടി എന്ന സിനിമയിൽ ഇരുവരും അതിഥി വേഷങ്ങളിലെത്തിയിരുന്നു. പ്രശസ്ത ഛായാഗ്രഹൻ രവി കെ. ചന്ദ്രനാണ് ഭ്രമം സംവിധാനം ചെയ്യുന്നത്. മമ്തയും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നു.രവി കെ. ചന്ദ്രൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എ പി ഇന്റര്‍നാഷണലാണ് നിർമാണം. ശരത് ബാലന്റേതാണ് തിരക്കഥ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്സ് ബിജോയ്. റാഷി ഖന്ന, അനന്യ, സുരഭി ലക്ഷ്മി, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.2018ൽ പുറത്തിറങ്ങിയ ശ്രീരാം രാഘവൻ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാന പ്രധാന വേഷത്തിലെത്തിയ അന്ധാധുനിന്റെ റീമേക്ക് ആണ് ഭ്രമം എന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.