മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസി’ല്‍ നിന്ന് പിന്മാറാനുള്ള കാരണം വ്യക്തമാക്കി നടന് പൃഥ്വിരാജ്. ‘ആടുജീവിത’ത്തിന്റെ ചിത്രീകരണം ആരംഭിച്ചതിനാലാണ് ബറോസിന്റെ ഭാഗമാകാന്‍ കഴിയാതെ പോയതെന്ന് പൃഥ്വിരാജ് പറഞ്ഞു.
സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമായിരുന്നു ബറോസ്. അവിടെ ഉണ്ടായിരുന്നപ്പോള്‍ ത്രീഡി സിനിമ സംവിധാനം ചെയ്യണമെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ പഠിക്കണം എന്നതിലായിരുന്നു തന്റെ ഒഴിവ് സമയം മുഴുവന്‍ ചെലവഴിച്ചത്. ഫുള്‍ ടൈം താന്‍ ആ ത്രിഡി സ്റ്റേഷനിലായിരുന്നു. ഇന്ന് ലോകത്തില്‍ തന്നെ ലഭ്യമായ ഏറ്റവും മികച്ച ത്രിഡി ഫെസിലിറ്റി തന്നെയാണ് അവര്‍ ഉപയോഗിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു.
കൂടുതല്‍ ദിവസം അവിടെ നില്ക്കാന് കഴിഞ്ഞുരുന്നുവെങ്കില്‍ ‘പൊളിച്ചേനെ’ എന്ന് തോന്നിയിരുന്നതായി പൃഥ്വി പറഞ്ഞു. ‘സന്തോഷേട്ടന് ഷൂട്ട് ചെയ്യുന്നു, ജിജോ സാര്‍, ലാലേട്ടന് ഡയറക്ട് ചെയ്യുന്നു, ഒരു ഫിലിം സ്റ്റുഡന്റിനെ സംബന്ധിച്ച് അതൊരു അവസരമായിരുന്നു. തനിക്ക് ആ സിനിമയില്‍ തിരിച്ച് ജോയിന്‍ ചെയ്യാന്‍ പറ്റാത്തതിലുള്ള നഷ്ടബോധവും അത് തന്നെയായിരുന്നുവെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.