അറുപത്തിയെട്ടാമത് ദേശീയ അവാർഡ് പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് സന്തോഷിക്കാൻ നിരവധി മുഹൂർത്തങ്ങളാണ് ലഭിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് നിരവധി പുരസ്കാരങ്ങളാണ് ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്കാരം അയ്യപ്പനും കോശിയും സംവിധാനം ചെയ്ത സച്ചിക്ക് ആണ് ലഭിച്ചത്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടൻ ആയപ്പോൾ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം നഞ്ചിയമ്മ സ്വന്തമാക്കി. മികച്ച സംഘട്ടനസംവിധാനത്തിനും അയ്യപ്പനും കോശിയും പുരസ്കാരം സ്വന്തമാക്കി.
പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന്റെ ഈ നേട്ടത്തിൽ പൃഥ്വിരാജും സന്തോഷം പ്രകടിപ്പിച്ചു. സച്ചി എവിടെ ആയിരുന്നാലും ഇപ്പോൾ സന്തോഷിക്കുകയായിരിക്കുമെന്ന് പൃഥ്വിരാജ് കുറിച്ചു. സച്ചിയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കുറിപ്പിൽ വ്യക്തമാക്കി. ‘ബിജു ചേട്ടനും നഞ്ചിയമ്മയ്ക്കും അയ്യപ്പനും കോശിയുടെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ. സച്ചി, എന്ത് പറയണമെന്ന് എനിക്ക് അറിയില്ല മനുഷ്യാ. നീ എവിടെയായിരുന്നാലും സന്തോഷവാനാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. എന്നും അങ്ങനെയായിരിക്കും’ – പൃഥ്വി കുറിച്ചു.
ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ അയ്യപ്പനും കോശിയും സംവിധാനം ചെയ്ത സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. പുരസ്കാര തിളക്കത്തിൽ അയ്യപ്പനും കോശിയും നിൽക്കുമ്പോഴും സച്ചി അകാലത്തിൽ വിട പറഞ്ഞകന്നതിന്റെ ദുഃഖത്തിലാണ് അണിയറപ്രവർത്തകർ.
View this post on Instagram