യുവതാരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂലൈ ഏഴിന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ റിലീസ് ഏഴിന് തന്നെ ഉണ്ടായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കടുവയുടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ പൂർണമായും മാറിയതായി പൃഥ്വിരാജ് അറിയിച്ചത്. ആദ്യം ജൂൺ 30ന് ആയിരുന്നു കടുവയുടെ റിലീസ് തീരുമാനിച്ചിരുന്നത്. പിന്നീട് ചില പ്രത്യേക സാഹചര്യങ്ങളാൽ റിലീസ് മാറ്റിവെയ്ക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
ലോകമെമ്പാടും ജൂലെ ഏഴിന് സിനിമ തിയറ്ററിൽ എത്തും. സിനിമയ്ക്ക് വേണ്ടിയുള്ള ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നെന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. എല്ലാ തടസങ്ങളെയും ഭേദിച്ച് കടുവ ജൂലൈ ഏഴിന് തിയറ്ററുകളിൽ എത്തുന്നെന്ന് പൃഥ്വിരാജ് കുറിച്ചു. സെൻസറിങ്ങ് കഴിഞ്ഞെന്നും പൃഥ്വിരാജ് കുറിച്ചു. ഇനി നാടൻ അടി എന്നു പറഞ്ഞാണ് പൃഥ്വിയുടെ കുറിപ്പ് അവസാനിക്കുന്നത്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനൊനും ചേർന്നാണ് കടുവ നിർമിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്റോയി വില്ലൻ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൽ കടുവാക്കുന്നേൽ കുറുവാച്ചൻ ആയിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ.
View this post on Instagram