പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘കടുവ’ ജൂണിൽ തിയറ്ററുകളിലേക്ക് എത്തും. ജൂൺ 30നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുക. സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കടുവ സിനിമ എന്നാണ് റിപ്പോർട്ടുകൾ. ജിനു വി എബ്രഹാം ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ പ്രേക്ഷകരിലേക്ക് എത്തുന്ന കണ്ടാമത്തെ ചിത്രം കൂടിയാണ് കടുവ.
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കടുവ. 2012-ല് സിംഹാസനം എന്ന ചിത്രം ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില് ഒരുങ്ങിയിരുന്നു. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസും ചേർന്നാണ് കടുവ നിർമിക്കുന്നത്. ചിത്രത്തിന്റെ ടീസറിന് വൻ വരവേൽപ്പ് ആയിരുന്നു ലഭിച്ചത്.
രവി കെ ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. തമൻ എസാണ് സംഗീതം കൈകാര്യം ചെയ്യുന്നത്. കടുവയിൽ വില്ലൻ വേഷത്തിൽ വിവേക് ഒബ്റോയി എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കടുവയുടെ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്കേറ്റിരുന്നു. താരം തന്നെയാണ് ചിത്രം പങ്കുവെച്ച് ഇക്കാര്യം ആ സമത്ത് അറിയിച്ചത്. ‘മുറിവുകളും വേദനകളും. ഒരു ആക്ഷന് സിനിമ എങ്ങനെ ആയിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തി. സ്നേഹിക്കുന്നു’ – ചിത്രീകരണത്തിനിടെ പരിക്കേറ്റ ചിത്രം പങ്കുവെച്ചു കൊണ്ട് പൃഥ്വിരാജ് കുറിച്ചു. ‘കടുവ’ എന്ന ചിത്രത്തിന്റെ രാത്രികാലത്തെ ഷൂട്ടിംഗിനെ കുറിച്ചായിരുന്നു പൃഥ്വിരാജ് അന്ന് കുറിച്ചത്.
View this post on Instagram