റെക്കോഡുകൾ തകർത്ത് ചരിത്രമാകാൻ എത്തുന്ന പ്രഭാസ് ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും ചിത്രത്തിന്റെ ഭാഗമാണ്. മലയാളത്തിൽ എത്തുന്ന രാധേ ശ്യാമിന് ആഖ്യാനം (Narration) നൽകുന്നത് പൃഥ്വിരാജ് ആയിരിക്കും. ചിത്രത്തിന്റെ ഭാഗമായ പൃഥ്വിരാജിന് അണിയറപ്രവർത്തകർ നന്ദി അറിയിച്ചു. ‘നന്ദി പൃഥ്വിരാജ് സാർ, താങ്കളുടെ മനോഹരമായ ആഖ്യാനത്തിലൂടെ ഈ റൊമാന്റിക് ചിത്രം സ്പെഷ്യൽ ആക്കിയതിന്’ – നന്ദി അറിയിച്ചു കൊണ്ടുള്ള കാർഡിൽ അണിയറപ്രവർത്തകർ കുറിച്ചത് ഇങ്ങനെ. മാർച്ച് 11ന് ആണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
അതേസമയം, യു എസ് എയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് രാധേ ശ്യാം. യു എസ് എയിലെ 1116 ലൊക്കേഷനുകളിലായി 3116 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. യു എസ് എയിൽ ഇതുവരെ ഇത്രയും വലിയ റിലീസ് ലഭിക്കുന്ന ആദ്യത്തെ ഇന്ത്യൻ ഹീറോ കൂടിയാണ് പ്രഭാസ്. രാധേ ശ്യാം സിനിമയ്ക്കായി യു എസ് എയിൽ ഇതുവരെ ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 11116 ഷോകളാണ്. ചിത്രത്തിന്റെ പ്രീമിയർ ഷോ മാർച്ച് 10 ന്. യു എസ് എയിൽ ഗ്രേറ്റ് ഇന്ത്യ ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. പൂജ ഹെഗ്ഡെ ആണ് നായിക. രാധാകൃഷ്ണ കുമാർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഇന്ത്യൻ റൊമാന്റിക് ഡ്രാമ ചിത്രമാണ് രാധേ ശ്യാം. യുവി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രാധേ ശ്യാം എന്ന ചിത്രത്തിലെ ഫോട്ടോകളും പാട്ടുകളും ഓൺലൈനിൽ തരംഗമായിരുന്നു.