മലയാളികളുടെ പ്രിയ നായകനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നു. കരൺ ജോഹർ നിർമ്മിക്കുന്ന ചിത്രത്തിൽ ബോളിവുഡ് സുന്ദരി കാജോളാണ് പൃഥ്വിരാജിൻറെ നായികയാകുന്നത്. സൈഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനും ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വരികയാണ്. കയോസ് ഇറാനി സംവിധാനം നിർവഹിക്കുന്ന ചിത്രം കാശ്മീർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഇമോഷണൽ ത്രില്ലറാണ്. തീവ്രവാദവും ചിത്രം ചർച്ച ചെയ്യുന്നുണ്ട്.
പൃഥ്വിരാജ്, കാജോൾ, ഇബ്രാഹിം എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ ചുറ്റിയാണ് കഥ പുരോഗമിക്കുക. പൃഥ്വിരാജിന്റെ ജോഡിയായി കാജോൾ എത്തും. ഇബ്രാഹിമിന്റെ റോളിനെ കുറിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ഡിസംബറിൽ ചിത്രത്തിന്റെ ആക്റ്റിംഗ് വർക്ഷോപ്പും തിരക്കഥ ചർച്ചകളും നടക്കും. ജനുവരിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. ഇബ്രാഹിം തന്റെ കഥാപാത്രത്തിനായി ഇതിനകം ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞുവെന്നാണ് അറിയുന്നത്.
അതേ സമയം പൃഥ്വിരാജ് സുകുമാരൻ തന്റെ പുതിയ ചിത്രമായ ഗോൾഡിൻറെ റിലീസിന് ഒരുങ്ങുകയാണ്. അൽഫോൻസ് പുത്രേൻ സംവിധാനം നിർവഹിക്കുന്ന ചിത്രം ഡിസംബർ ഒന്നിനാണ് തീയറ്ററുകളിൽ എത്തുന്നത്. ഷാജി കൈലാസ് കടുവക്ക് ശേഷം ഒരുക്കുന്ന കാപ്പയാണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു പൃഥ്വിരാജ് ചിത്രം. കെ ജി എഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസ് ചിത്രം സലാറിലും പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ലാലേട്ടനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറിൻറെ രണ്ടാം ഭാഗമായ എമ്പുരാന്റെ ചിത്രീകരണവും ഉടൻ ആരംഭിക്കും.
ബോളിവുഡിലും പൃഥ്വിരാജ് നിർമ്മാണരംഗത്തേക്ക് കടന്നു വരികയാണ്. 2019ൽ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്കായ സെൽഫിയിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡ് സിനിമ നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. കരൺ ജോഹറിന്റെ കൂടെ പൃഥ്വിരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് നായകന്മാരാകുന്നത്. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചപ്പോൾ പൃഥ്വിരാജിന്റെ നായികയായത് റാണി മുഖർജിയായിരുന്നു.