‘പ്രിയൻ ഓട്ടത്തിലാണ്’ സിനിമ ജൂൺ 24ന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള വാർത്താസമ്മേളനം ഐബിസ് കൊച്ചി സിറ്റി സെന്ററിൽ നടന്നു. വൗ സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജൂൺ 24ന് തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റെ പ്രചാരണത്തിനായി അണിയറപ്രവർത്തകരും ഇപ്പോൾ സജീവമായി ഇറങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ രാത്രിയിൽ ‘പ്രിയൻ ഓട്ടത്തിലാണ്’ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ‘നാളെ ഇറങ്ങാൻ പോകുന്ന സിനിമയുടെ (പ്രിയൻ ഓട്ടത്തിലാണ്) പോസ്റ്റർ ഒട്ടിക്കാൻ, തങ്ങളുടെ മുൻ സിനിമയുടെ (ചതുർമുഖം) സംവിധായകനോടും ഉടനെ ചിത്രീകരണം ആരംഭിക്കുന്ന അടുത്ത സിനിമയുടെ (പേരിട്ടിട്ടില്ല!) സംവിധായകനോടുമൊപ്പം അർദ്ധരാത്രിയിൽ ചാറ്റൽമഴയത്ത് ഇറങ്ങിത്തിരിച്ച രണ്ടു തിരക്കഥാക്കൃത്തുക്കൾ’ – സലിൽ വി ആണ് പോസ്റ്റർ ഒട്ടിക്കുന്ന ചിത്രങ്ങൾ കുറിപ്പ് സഹിതം പങ്കുവെച്ചത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കുക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരക്കാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘ചതുർമുഖ’ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്.