ഷറഫുദ്ദീൻ, അപർണ ദാസ്, നൈല ഉഷ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ തിയറ്ററുകളിൽ റിലീസ് ചെയ്തു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏതായാലും സിനിമയെക്കുറിച്ചുള്ള അഭിപ്രായം നേരിട്ടറിയാൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നൈല ഉഷ എത്തി. സിനിമ കണ്ടിറങ്ങിയവരോട് സിനിമയെക്കുറിച്ചുള്ള അവരുടെ അഭിപ്രായം നേരിട്ട് ചോദിച്ചറിഞ്ഞു. പടം കണ്ടിറങ്ങിയവർ ഒരേ സ്വരത്തിൽ പടം മികച്ചതാണെന്ന് പറഞ്ഞു. സുഹൃത്തുക്കളോട് പറയുമെന്നും ഇനി ഒരിക്കൽ കൂടി പടം കാണുമെന്ന് പറഞ്ഞ് മടങ്ങിയവരും ഉണ്ട്. ആദ്യഷോയ്ക്ക് ശേഷം തന്നെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെക്കുറിച്ച് എത്തിയത്.
ഓരോരോ ജോലികളിൽ ഏർപ്പെട്ട് സദാ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമ പറയുന്നത്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാനപ്രമേയം പ്രിയന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ്. ആ ദിവസം പ്രിയൻ തന്റെ പതിവുശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് ചിത്രത്തിൽ വ്യക്തമാക്കുന്നത്.
ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, കുക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരക്കാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ‘ചതുർമുഖ’ത്തിന് ശേഷം അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ഒന്നിച്ചു തിരക്കഥയും സംഭാഷണവുമെഴുതുന്ന ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. സൈറ ബാനുവിന് ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശബരീഷ് വർമ, പ്രജീഷ് പ്രേം, വിനായക് ശശികുമാർ എന്നിവരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്.